വണ്ടിപ്പെരിയാര്‍: ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കര്‍ ഏലത്തോട്ടം ഒലിച്ചുപോയതിനു പിന്നാലെ കര്‍ഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തേങ്ങാക്കല്‍ എസ്റ്റേറ്റിലെ ഫാക്ടറി ഓഫീസര്‍ എസ്‌എന്‍വി വീട്ടില്‍ സി. ജയ്‌മോന്‍ (55) ആണ് മരിച്ചത്. വിളവെടുപ്പിന് പാകമായി നിന്ന തോട്ടം പൂര്‍ണ്ണമായും നശിച്ചതിന് പിന്നാലെ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് പറഞ്ഞ് അധികൃതരും കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചത്.
നാശനഷ്ടം തിട്ടപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടു തിങ്കളാഴ്ച ഏലപ്പാറ വില്ലേജ് ഓഫീസില്‍ അപേക്ഷയുമായി എത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം. ഇതോടെ ധനസഹായം ലഭിക്കാന്‍ പോലും സാധ്യതയില്ലെന്ന് ജയ്‌മോന്‍ അറിയിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതോടെ ഇയാള്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ കൃഷി നശിച്ചു എന്ന പരാതിയുമായി കര്‍ഷകന്‍ നേരിട്ട് സമീപിച്ചിട്ടില്ലെന്നും അപേക്ഷ സ്വീകരിക്കില്ലെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഏലപ്പാറ വില്ലേജ് ഓഫീസര്‍ പി.എന്‍.ബീനാമ്മ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇയാള്‍ നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജയ്‌മോന്റെ കോഴിക്കാനം 26 പുതുവലിലെ ഏലത്തോട്ടം പൂര്‍ണമായും നശിച്ചിരുന്നു. വിളവെടുക്കാന്‍ പാകമായിരുന്ന തോട്ടമായിരുന്നു ഇത്.
പാമ്പനാര്‍ എസ്‌എന്‍ സ്‌കൂള്‍ ട്രഷറര്‍, വണ്ടിപ്പെരിയാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പില്‍. ഭാര്യ: മിനി (പ്രിന്‍സിപ്പല്‍, എസ്‌എന്‍ സ്‌കൂള്‍, പാമ്പനാര്‍). മക്കള്‍: അര്‍ജുന്‍ ജയ് (അബുദാബി), ആദര്‍ശ് ജയ്.