എടക്കര: മലപ്പുറത്ത് എടക്കരയില്‍ കാട്ടാനശല്യം കാരണം കര്‍ഷകന് ഒരു മാസംകൊണ്ട് നഷ്ടപ്പെട്ടത് 1500ഓളം കവുങ്ങുകള്‍. തിരൂര്‍ സ്വദേശിയായ ചൂരപ്പിലാക്കല്‍ മുഹമ്മദിന്റെ ചെമ്ബന്‍കൊല്ലിയിലെ തോട്ടത്തിലാണ് ഇത്രയധികം കവുങ്ങുകളും തെങ്ങുകളും കാട്ടാനക്കൂട്ടം ഒരു മാസത്തിനിടെ നശിപ്പിച്ചത്. വൈകുന്നേരമാകുന്നതോടെ തോട്ടത്തിലെത്തുന്ന കാട്ടാനകള്‍ സമീപ കൃഷിയിടങ്ങളിലും വ്യാപക നാശമാണ് വരുത്തിയിട്ടുള്ളത്.
രാത്രി കാലങ്ങളില്‍ കാടിറങ്ങിയെത്തുന്ന കാട്ടാനക്കൂട്ടം പകല്‍ സമയങ്ങളിലും ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തുകയാണ്. ബഹളം വെച്ചും പടക്കം പൊട്ടിച്ചും ഏറെ പരിശ്രമിച്ചാണ് നാട്ടുകാര്‍ ആനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചയക്കുന്നത്. കാട്ടാനശല്യം ചെറുക്കാന്‍ വനാതിര്‍ത്തികളില്‍ ഫെന്‍സിങോ, ട്രഞ്ചോ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും അനങ്ങാപ്പാറ നയമാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍
പ്രതികരിച്ചു.