പന്തളം : മണ്ഡല – മകരവിളക്ക് കാലം ആരംഭിച്ചിട്ടും ഭക്തജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നഗരസഭ അധികൃതരുടെ അനാസ്ഥയ്ക്കെതിരെയും നഗരസഭയിലെ പ്രധാന റോഡായ മഹാദേവർ ക്ഷേത്രം – വലിയ കോയിക്കൽ ക്ഷേത്രം റോഡ് മൂന്ന് കിലോമീറ്റർ തകർന്നടിഞ്ഞ് കാൽനടയാത്ര പോലും സാധിക്കാത്ത രീതിയിൽ കുണ്ടും കുഴിയും നിറഞ്ഞതായി തീർന്നിരിക്കുകയാണ്. പന്തളത്തെത്തുന്ന അയ്യപ്പഭക്തന്മാർ സമീപപ്രദേശത്തുള്ള പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. ഭക്തന്മാരിൽ ഭൂരിപക്ഷവും മഹാദേവർ ക്ഷേത്രം, മുട്ടാർ അയ്യപ്പക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന വഴി കൂടിയാണ് തകർന്നടിഞ്ഞ് നാശമായിരിക്കുന്നത്. മൂന്ന് ഡിവിഷനിൽ കൂടി കടന്നുപോകുന്ന ഈ പ്രധാന റോഡ് പന്തളത്തിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും വരുന്ന യാത്രക്കാർക്ക് ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുന്നതിനുള്ള ബൈപ്പാസ് റോഡ് കൂടിയായി ഉപയോഗിക്കുന്നു. നഗരസഭ അംഗങ്ങൾ ഉൾപ്പെടെ ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നഗരസഭ കൗൺസിലിൽ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മൂന്ന് കോൺഗ്രസ് കൗൺസിലർമാർ ഉൾപ്പെടെ കോൺഗ്രസിന്റെയും കർഷക കോൺഗ്രസിന്റെയും നേതൃത്വത്തിൽ വാഴ, ചേമ്പ്, ഇഞ്ചി മുതലായവ തകർന്നടിഞ്ഞ ഭാഗങ്ങളിൽ കൃഷി ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
കർഷക കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ സമരം. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മുരളീധരൻ പിള്ള അധ്യക്ഷൻ ആയിരുന്നു. സമരം നഗരസഭ പാർലമെൻററി പാർട്ടി ലീഡർ കെ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ രത്നമണി സുരേന്ദ്രൻ, സുനിത വേണു, കർഷക കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻറ് പി എസ് വേണു കുമാരൻ നായർ, കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫ്, ഇ എസ് നുജുമുദീൻ, കെ എസ് നീലകണ്ഠൻ, ഷൂജ, പി പി ജോൺ, വല്ലാറ്റൂർ വാസുദേവൻ പിള്ള, മണ്ണിൽ രാഘവൻ, പി കെ രാജൻ, സോളമൻ വരവുകാലായിൽ, മജീദ് കോട്ടവീട്, രാഹുൽ രാജ്, പ്രൊഫ. കൃഷ്ണകുമാർ, തോമസ്, കെ എൻ സുരേന്ദ്രൻ, ജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.