ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റ് ബഡ്‌ജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും പാര്‍ലമെന്റിന്റെ ഇരു സഭകളും ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം അയയുന്നത്. ഇരുസഭകളിലെയും ബഹിഷ്ക്കരണ തീരുമാനം പ്രതിപക്ഷം പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
അതിനിടെ സമരത്തില്‍ നേരിട്ട് ഇടപെടാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചന. സമരത്തിലിറങ്ങിയ സമാജ് വാദി പാര്‍ട്ടിയും ആര്‍ എല്‍ ഡിയും കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തികളിലേക്ക് അയക്കുമെന്ന് വ്യക്തമാക്കി. അതേസമയം ഡല്‍ഹി-യു പി അതിര്‍ത്തിയായ ഗാസിപ്പൂരില്‍ സമരവേദി ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് തന്നെ ഹര്‍ജി ഫയല്‍ ചെയ്യാനാണ് തീരുമാനം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനമായി.
രണ്ടുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ബഡ്‌ജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന ഇന്ന് 16 പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസ്‌താവന ഇറക്കിയത്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരം തകര്‍ക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ ഹീന ശ്രമങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.
കര്‍ഷക പ്രക്ഷോഭം ആളിക്കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബഡ്‌ജറ്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിനോട് തീരേ മുഖം തിരിക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ല.