എറണാകുളം : കര്‍ഷകന് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവരെ സഹായിക്കേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാൻ നമ്മള്‍ പിന്തുണയും പിന്‍ബലവും കൊടുക്കേണ്ടതുണ്ട്. കര്‍ഷകന്റെ കണ്ണുനിറയ്ക്കാതെ മനസ്സു നിറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കൃഷിമന്ത്രി പി പ്രസാദ്പറഞ്ഞു. കഞ്ഞിക്കുഴിയിലെ കര്‍ഷകരില്‍ നിന്നും സംഭരിച്ച ചീരയും പച്ചക്കറികളുമായി എറണാകുളത്ത് എത്തിയ ചീരവണ്ടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇലവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ആവര്‍ത്തിച്ചു പറയുന്ന കാര്യങ്ങളാണ്. പകുതിയില്‍ കൂടുതല്‍ രോഗങ്ങള്‍ക്കും കാരണം ഭക്ഷണത്തില്‍ നിന്നാണ് ഇവിടെയാണ് ചീരവണ്ടിയുടെ പ്രസക്തിയും.
എറണാകുളം പോലുള്ള പട്ടണത്തില്‍ വിപണിയുടെ സാധ്യത വലുതാണ്. ആവശ്യക്കാരുടെ അരികിലേക്ക് എത്തിച്ചുകൊടുക്കാന്‍ സാധിച്ചാല്‍ അവര്‍ വാങ്ങുന്നതിനും തയ്യാറാകും. കഞ്ഞിക്കുഴിയിലെ കര്‍ഷകരുടെ വിഷ രഹിതമായ പച്ചക്കറികളും ഇല വര്‍ഗ്ഗങ്ങളും ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍ നിന്നും നേരിട്ട് മേടിക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് എവിടെയെങ്കിലും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളില്‍ പ്രാദേശിക ഇടപെടലിലൂടെ വിറ്റഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കൃഷിവകുപ്പ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ മൂന്നുദിവസമാണ് വില്പന.
സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് എസ് പി സുജിത്തിന്റെ നേതൃത്വത്തിലാണ് ചീരവണ്ടി വിപണനം. കഞ്ഞിക്കുഴി കുടുംബശ്രീ പ്രവര്‍ത്തകയായ പി റ്റി ശ്രീജ മോള്‍ ആണ് ചീര വണ്ടിയുടെ സാരഥി.
ആദ്യ വില്പന കൃഷിവകുപ്പ് മന്ത്രിയില്‍ നിന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി ആർ ശ്രീലേഖ ഏറ്റുവാങ്ങി. വൈക്കം എംഎല്‍എ സി.കെ ആശ മുഖ്യാതിഥി ആയി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാര്‍ത്തികേയന്‍ വൈസ് പ്രസിഡന്റ് അഡ്വ എം സന്തോഷ് കുമാര്‍, എറണാകുളം ജില്ലാ കൃഷി ഓഫീസര്‍ ഷേര്‍ലി സക്കറിയ, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ടാനി തോമസ്, ഫാന്‍സി പരമേശ്വരന്‍, പി ഇന്ദു നായര്‍,വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു പി ജോസഫ്, കഞ്ഞിക്കുഴി കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ്, വൈറ്റില അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ രമേഷ് കുമാര്‍, കഞ്ഞിക്കുഴി സ്ഥിരം സമിതി അധ്യക്ഷ ജ്യോതിമോള്‍, വാര്‍ഡ് അംഗം ഫെയ്സി വി ഏറനാട്, തുടങ്ങിയവര്‍ സംസാരിച്ചു.