നാരങ്ങാനം : കാർഷിക സംസ്കാരം തിരിച്ചുപിടിക്കുന്ന നാരങ്ങാനത്തെ കർഷക വിപണി നാടിന് ആവേശമായി മാറുന്നു. നാരങ്ങാനം ആലുങ്കലിൽ പ്രവർത്തിക്കുന്ന കർഷകവിപണി തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടാവുകയാണ്. ഞായറാഴ്ചകളിൽ ഉച്ചക്ക് 12 മുതലാണ് വിപണി ആരംഭിക്കുന്നത്. കൊടുക്കൽ വാങ്ങലുകളുടെ സുതാര്യതയാണ് പ്രധാന പ്രത്യേകത. നാരങ്ങാനത്തെ മണ്ണിൽ വളർന്ന പഴം- പച്ചക്കറി, കിഴങ്ങ് വർഗങ്ങളാണ് കൂടുതലും വിൽപനക്ക് എത്തുന്നത്. ഞായറാഴ്ചകളിൽ കർഷകർ അവരുടെ വിളകളുമായി ഇവിടെയെത്തും. സമീപ പഞ്ചായത്തുകളായ ചെറുകോൽ, കോഴഞ്ചേരി, ഇലന്തൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം കർഷകർ സാധനങ്ങളുമായി എത്താറുണ്ട്. ഇടനിലക്കാരില്ലാതെ ആർക്കുമത് വാങ്ങാം. വിലയിടുന്നത് വാങ്ങുന്നവർ തന്നെയാണ്.
സ്വാശ്രയ കർഷക സമിതിയുടെ മേൽനോട്ടത്തിലാണ് ഇത് നടത്തുന്നത്. വെജിറ്റബിൾ ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ (വി.എഫ്.പി.സി.കെ) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ കർഷക സമിതികളിൽ ഒന്നാണിത്. ജില്ലയിൽ മൊത്തം 12 വിപണികളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. വർഷം 85 ലക്ഷം രൂപയുടെ വിൽപന നടക്കുന്നുണ്ട്. കർഷകവിപണിയിൽ 80 അംഗങ്ങളുണ്ട്. അംഗങ്ങൾ അല്ലാത്തവർക്കും സാധനങ്ങൾ വിൽപന നടത്താം. അംഗങ്ങൾക്ക് ഓണക്കാലത്ത് ബോണസും നൽകി വരുന്നുണ്ട്. കാർഷിക ഉപകരണങ്ങൾ സബ്സിഡി നിരക്കിലും വിതരണം ചെയ്യുന്നുണ്ട്. സമിതിയുടെ പ്രസിഡന്റ് എം.ജി. ഫിലിപ്പോസാണ്. ലേലം വിളിക്ക് നേതൃത്വം നൽകുന്നത് ജോസ്, മഹേഷ്കുമാർ എന്നിവരുമാണ്.