കോന്നി : മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ഓണത്തെ വരവേൽക്കാൻ കോന്നിയിലെ കർഷക വിപണികൾ ഉണർന്നു.മുൻ വർഷങ്ങളിൽ രണ്ട് പ്രളയങ്ങളും കോവിഡും എല്ലാമായി മന്ദ ഗതിയിൽ ആയിരുന്നു കാർഷിക വിപണികൾ. എന്നാൽ ഈ തവണ വിപണി തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കർഷകർ. കോന്നിയിലെ പ്രധാന കാർഷിക വിപണന കേന്ദ്രമായ വകയാറിൽ വാഴക്കുലകൾ അടക്കമുള്ള കാർഷിക വിപണി സജീവമായി തുടങ്ങിയിട്ടുണ്ട്.
കോന്നിയിലെയും പരിസര പ്രദേശങ്ങളിലേയും കാർഷിക വിളകളാണ് ഇവിടുത്തെ വിപണന കേന്ദ്രങ്ങളിൽ കച്ചവടം ചെയ്യുന്നത്. നാടൻ വാഴക്കുലക്ക് 72 രൂപയും പാണ്ടി കുലക്ക് 60 രൂപയും വയനാടൻ കുലക്ക് 52 രൂപയും ആണ് വില.വാഴക്കുല കൂടാതെ ചേന ,കാച്ചിൽ,ചേമ്പ്,ഇഞ്ചി തുടങ്ങി മറ്റ് കാർഷിക വിളകളും വിൽക്കുന്നുണ്ട്.ഇടക്ക് പെയ്ത മഴ വാഴ കർഷകരെ ബാധിച്ചിട്ടുണ്ടെങ്കിലും വിപണിയിൽ ഇത് പ്രതിഫലിച്ചിട്ടില്ല. ഓണ വിപണിയിൽ ഈ തവണ സജീവമായ കച്ചവടമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.