ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തി വരുന്ന സമരം അൻപത്തൊന്നാം ദിനത്തിലേക്ക് കടന്നു. കൊടുംശൈത്യത്തെ പോലും അതിജീവിച്ചാണ് സ്ത്രീകളും വൃദ്ധരും കുട്ടികളുമടങ്ങുന്ന ആയിരങ്ങള്‍ അതിര്‍ത്തികളില്‍ കഴിയുന്നത്. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്തെങ്കിലും നിയമങ്ങള്‍ പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സുപ്രീംകോടതി നിയമിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിലും മാറ്റമില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിലെ ശൈത്യകാല ആഘോഷമായ ലോഹ്‌റിയോട് അനുബന്ധിച്ച് കർഷകസംഘടനകൾ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിച്ചു. രാജ്യത്തെ ഇരുപതിനായിരത്തോളം കേന്ദ്രങ്ങളിൽ നിയമങ്ങളുടെ പകർപ്പുകൾ കത്തിച്ചുവെന്ന് കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, യുപി എന്നിവിടങ്ങില്‍ ആയിരങ്ങള്‍ പങ്കാളികളായി.
18ാം തിയതി വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാനാണ് കർഷകരുടെ തീരുമാനം. ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് നൽകിയ ഹർജിയിൽ സുപ്രിംകോടതി കർഷക സംഘടനകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ പറയുന്നു. നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമർശനമായി ഉയരുന്നത്.
കർഷകപ്രക്ഷോഭത്തിൽ പങ്കാളികളാകാനായി കേരളത്തിൽനിന്ന് പുറപ്പെട്ട കർഷകസംഘത്തിന്റെ ആദ്യ ബാച്ച് സമരഭടന്മാർ വ്യാഴാഴ്‌ച പ്രക്ഷോഭത്തിൽ അണിചേരും. രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപ്പുരിലാണ് എത്തുന്നത്. തിങ്കളാഴ്‌ച കണ്ണൂരിൽനിന്ന് റോഡുമാർഗമാണ് അഞ്ഞൂറോളം കർഷകർ പുറപ്പെട്ടത്. ചൊവ്വാഴ്‌ച പുണെയിൽ തങ്ങിയ സംഘം ബുധനാഴ്‌ച രാത്രിയോടെ രാജസ്ഥാനിൽ പ്രവേശിച്ചു. പുലർച്ചെയോടെ ജയ്‌പ്പുരിൽ എത്തുന്ന സംഘം അവിടെനിന്ന് ഡൽഹി ഹൈവേയിലൂടെ ഷാജഹാൻപ്പുരിലേക്ക് തിരിക്കും.