ന്യൂഡല്‍ഹി : കർഷക പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ. മാർച്ച് മാസവും രാജ്യവ്യാപകമായി കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. ഉത്തർപ്രദേശിലെ മീററ്റിൽ ഇന്ന് സംഘടിപ്പിക്കുന്ന കർഷക മഹാ കൂട്ടായ്മയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കെടുക്കും. ഡൽഹിയിൽ നാളെ കർഷക ട്രേഡ് യൂണിയൻ സംഘടനകൾ യോഗം ചേർന്ന് തുടർ സമരപരിപാടികൾ ചർച്ച ചെയ്യും.
ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്ന് 95-ാം ദിവസത്തിലേക്ക് കടന്നു. കിസാൻ മഹാപഞ്ചായത്തുകൾക്ക് പുറമെ കൂടുതൽ സമരപരിപാടികളിലൂടെ പ്രക്ഷോഭം സജീവമാക്കി നിർത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. വിളവെടുപ്പ് സമയമായതിനാൽ അതനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പ്രക്ഷോഭകേന്ദ്രങ്ങളിൽ തുടരുന്ന കർഷകരുടെ പാടങ്ങളിൽ വിളവെടുക്കാൻ അതത് ഗ്രാമങ്ങളിലെ കർഷകർ സഹായിക്കും.
അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിലെ ഒൻപത് കർഷകർക്ക് കൂടി ജാമ്യം ലഭിച്ചു. ഇതോടെ ഇതുവരെ 78 പേർക്ക് ജാമ്യം ലഭിച്ചതായി സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ജാമ്യത്തിലിറങ്ങിയ തൊഴിലവകാശ ആക്ടിവിസ്റ്റ് നോദീപ് കൗർ സിംഗുവിലെ പ്രക്ഷോഭവേദി സന്ദർശിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ നോദീപ് കൗറിന് വെള്ളിയാഴ്ചയാണ് ജാമ്യം ലഭിച്ചത്.