ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയര്‍ത്തിയാളെ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്. പഞ്ചാബിലെ തരന്‍ സ്വദേശി ജുഗ്രാജ് സിങ് ആണ് പതാക ഉയര്‍ത്തിയതെന്നു ഡൽഹി പോലീസ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംഘർഷത്തിലേക്കു വഴി മാറിയതിനു പിന്നിൽ പഞ്ചാബി സിനിമാതാരം ദീപ് സിദ്ധുവിന്റെയും ഡൽഹി പോലീസിന്റെയും ഇടപെടലുകളാണെന്ന വാദം ഉയർത്തി കർഷകർ രംഗത്തു വന്നതിനു പിന്നാലെയാണ് കർഷക സംഘടനകളെ പ്രതിരോധത്തിലാക്കി ഡൽഹി പോലീസിന്റെ വെളിപ്പെടുത്തൽ.
എന്നാൽ പതാക ഉയർത്തലിന് നേതൃത്വം നൽകിയത് ദീപ് സിദ്ധുവാണെന്നു കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ആരോപിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും സമരം പൊളിക്കാൻ ബിജെപി ആസൂത്രണം ചെയ്ത നാടകമാണെന്നും ടികായത്ത് പ്രതികരിച്ചു.
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട കര്‍ഷകനെയും കേസില്‍ പ്രതിചേർത്തിരുന്നു. റജിസ്റ്റര്‍ ചെയ്ത ആകെ കേസുകളുടെ എണ്ണം 23 ആയി. പോലീസിനു നേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയ്ക്ക് ഡൽഹിയിലെ അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് ഡൽഹി പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ലഖ സിദാനയുമായി ദീപ് സിദ്ധു അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന റിപ്പോർട്ടുകളോട് ഡൽഹി പോലീസ് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാൻ ദീപ് സിദ്ധുവും ലഖ സിദാനയും ശ്രമിച്ചതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു. ദീപ് സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സമരം പൊളിക്കാൻ ഇടപെട്ടുവെന്നുമാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആരോപണം.