ഡല്‍ഹി : മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ രാജ്യതലസ്ഥാനം ശാന്തമാകുന്നു. ചെങ്കോട്ടയില്‍ തമ്പടിച്ച കര്‍ഷരില്‍ ഒരു വിഭാഗം മടങ്ങിത്തുടങ്ങി. നിരവധി കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കര്‍ഷകര്‍ പൂര്‍ണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമാകുന്ന കാഴ്ചയാണ് കണ്ടത്. പത്ത് മണിക്കൂറിലേറെ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് ഡല്‍ഹി പൂര്‍വ സ്ഥിതിയിലേയ്ക്ക് മടങ്ങുന്നത്. അന്‍പതിനായിരത്തിലധികം വരുന്ന കര്‍ഷകര്‍ ട്രാക്ടര്‍ റാലിയില്‍ അണിനിരന്നു. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പോലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. എട്ട് മണിയോടെ ബാരിക്കേഡുകള്‍ തുറന്നു നല്‍കുമെന്നാണ് പോലീസ് അറിയിച്ചതെങ്കിലും വാക്ക് പാലിച്ചില്ല. തുടര്‍ന്ന് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ പ്രവേശിക്കുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല.
ഇതോടെ പോലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് പോലീസും, പോലീസിന്റെ വെടിയേറ്റാണ് മരണമെന്ന് കര്‍ഷകരും ആരോപിച്ചു. ചെങ്കോട്ടയിലേയ്ക്ക് ഇരച്ചു കയറിയ കര്‍ഷകര്‍ ദേശീയ പതാകയ്ക്കൊപ്പം അവരുടെ പതാക ഉയര്‍ത്തി. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗവും ചേര്‍ന്നു.