ഇടുക്കി : കള്ളത്തടിക്കാർ കോടികളുടെ മരം കടത്തുന്ന അതേ കേരളത്തിൽ പക്ഷേ പാവം കർഷകർക്ക് ഒരു മരം മുറിയ്ക്കാൻ പോലും അനുമതി നല്‍കാറില്ല. പട്ടയ ഭൂമിയിൽ നട്ടു വളർത്തിയ മരങ്ങൾ അത്യാവശ്യത്തിന് മുറിക്കാൻ അപേക്ഷയുമായി കർഷകർ മാസങ്ങൾ ഓഫീസുകൾ കയറി ഇറങ്ങിയാലും ഉദ്യോഗസ്ഥർ കനിയാറില്ല.
ഈ ദുരവസ്ഥ അനുഭവിക്കുന്ന ആയിരക്കണക്കിനു കർഷകർ സംസ്ഥാനത്തുണ്ട്. പട്ടയഭൂമിയിൽ നട്ടു പിടിപ്പിച്ച മരമാണെങ്കിൽ പോലും മുറിച്ച് വിൽക്കണമെങ്കിൽ റവന്യൂ വനം വകുപ്പ് ഓഫീസുകൾ കയറി ഇറങ്ങണം. സംസ്ഥാനത്തെ മരം മുറിയ്ക്കൽ നിയമങ്ങളിൽ ഒട്ടേറെ അവ്യക്തതകൾ ആണുള്ളത്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർ കർഷകരെ വട്ടം കറക്കും. അത്യാവശ്യത്തിന് ഒരു ചെറു മരമോ മറ്റോ മുറിച്ച നൂറു കണക്കിന് കർഷകർ കേസിൽ അകപ്പെട്ട് കോടതി കയറുകയാണ്. അത്യാവശ്യങ്ങൾക്കായി തടി വിറ്റ പലർക്കും അഡ്വാൻസ് തിരികെ കൊടുക്കേണ്ടിയും വന്നു. പലരും മുറിച്ച മരങ്ങൾ ഇപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞിടുകയും ചെയ്തു.
ഉത്തരവ് വിവാദമായതിനാൽ ഇനി ഒരു മരം പോലും മുറിക്കാൻ അനുമതി ലഭിക്കില്ലെന്ന ആശങ്കയിലുമാണ് കർഷകർ. പട്ടയഭൂമിയിൽ റിസർവ് ചെയ്തതും ഷെഡ്യൂൾ മരങ്ങളും വെട്ടുന്നതിനുള്ള ആശയക്കുഴപ്പങ്ങളും നിയമക്കുരുക്കും ഒഴിവാക്കാൻ ശാശ്വത പരിഹാരമാണു കർഷകർ ആവശ്യപ്പെടുന്നത്. തടി മാഫിയയെ സഹായിക്കാൻ ഉത്തരവു ഇറക്കുന്ന സർക്കാർ കർഷകരുടെ കാര്യം മറക്കരുതെന്നാണ് ഇവർ പറയുന്നത്.