ന്യൂഡല്‍ഹി: കര്‍ഷക കലാപത്തില്‍ പരിക്കേറ്റ 18 പോലീസുകാരെ ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി അക്രമാസക്തമായപ്പോഴാണ് അക്രമികളില്‍ നിന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഒരാള്‍ മരണവുമായി മല്ലിടുകയാണ്.
റൂട്ട് മാപ്പ് തെറ്റിച്ച് ദല്‍ഹി നഗരത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുകാര്‍ കര്‍ഷകരെ തടയാന്‍ ശ്രമിച്ചത്. ഏറ്റുമുട്ടലും അക്രമവും ഒന്നര മണിക്കൂര്‍ നീണ്ടു. അക്രമത്തെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നായിരുന്നു തീരുമാനം. കൂടുതല്‍ അര്‍ധസൈനികരെ വിന്യസിപ്പിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം 15 കമ്പിനികളെ അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച അധികമായി അഞ്ച് കമ്പിനികളെക്കൂടി അയച്ചു.