ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്നില്‍ തുക്‌ടെ തുക്‌ടെ ഗാംഗെന്ന് ആരോപിച്ച് വീണ്ടും കേന്ദ്രം. കര്‍ഷകരുമായി ചര്‍ച്ച കീറാമുട്ടിയായി നില്‍ക്കാന്‍ കാരണം കര്‍ഷക സമരത്തോടൊപ്പം ചേര്‍ന്ന ചില മോദി വിരുദ്ധ ശക്തികളാണെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമ അഭിപ്രായപ്പെട്ടു. കര്‍ഷക ബില്ലിന്റെ സ്വഭാവത്തെ കുറിച്ച് തെറ്റായ ആരോപണങ്ങള്‍ പരക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ചര്‍ച്ചകള്‍ താമസമുണ്ടാകുന്നത്.
സര്‍ക്കാര്‍ കൃത്യമായി നിലപാട് കര്‍ഷകരെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്കിടയില്‍ ശരിയായൊരു തീരുമാനമുണ്ടാകാത്തതാണ് പ്രശ്‌ന കാരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇടതുപക്ഷ ആശയങ്ങളുളളവര്‍ സമരത്തിനിടെ നുഴഞ്ഞുകയറുന്നു. അവരുടെ സ്വാധീനം സമരം ചെയ്യുന്നവരിലുണ്ടാകുന്നു. രാജ്യദ്രോഹികളെ പുറത്തിറക്കാന്‍ ശ്രമം നടത്തുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ശിക്ഷാര്‍ഹമാണ്. ഇവര്‍ മോദിക്കെതിരാണ്. ഈ ശക്തികളാണ് സമരത്തില്‍ തീരുമാനമുണ്ടാകാതിരിക്കാന്‍ കാരണം. മന്ത്രി ആരോപിച്ചു.
കര്‍ഷക നിയമത്തെ കുറിച്ചുളള കേന്ദ്ര നിലപാട് നരേന്ദ്രസിംഗ് തോമര്‍ ആവര്‍ത്തിച്ചു. ‘വിളകള്‍ക്ക് പരമാവധി വില ലഭിക്കാനും ഏജന്റുമാരെ ഒഴിവാക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.’ തോമര്‍ പറഞ്ഞു. നിയമത്തിനെതിരെ സമരം ചെയ്യുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ മാത്രമാണ്. ഇവിടെ അവര്‍ ശക്തരും എന്നാല്‍ വികേന്ദ്രീകൃതമായി നിലനില്‍ക്കുന്നവരുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പുതിയ നിയമം തങ്ങള്‍ക്ക് ദോഷമാകുമെന്ന് ഇവര്‍ ഭയക്കുന്നു. പക്ഷെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കൊന്നും ഈ പ്രശ്‌നമില്ലെന്നും നരേന്ദ്രസിംഗ് തോമര്‍ അഭിപ്രായപ്പെട്ടു.
വഞ്ചകരാണ് കോണ്‍ഗ്രസുകാരെന്നും അവര്‍ കര്‍ഷക സമരത്തില്‍ രണ്ട് നിലപാടാണ് കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം കര്‍ഷകരുടെ ഏകദിന നിരാഹാര സമരം ഡല്‍ഹിയ്‌ക്ക് സമീപം വിവിധയിടങ്ങളില്‍ നടക്കുകയാണ്. 40 കര്‍ഷക നേതാക്കന്മാരാണ് സമരം ചെയ്യുന്നത്. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയാണ് സമരം.