ലുധിയാന: കേന്ദ്ര കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോയെ ആക്രമിച്ച് പഞ്ചാബ് കര്‍ഷകര്‍. നിരവധി സ്ഥലങ്ങളിലെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം കര്‍ഷകര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രക്ഷോഭം മറ്റൊരു തലത്തിലേക്ക് കടക്കുന്നതിന്‍റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പഞ്ചാബിലെ മന്‍സയിലെ നിരവധി റിലയന്‍സ് ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഇതിനോടകം വിച്ഛേദിച്ചു. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജിയോ ടെലികോം കമ്പനിയുടെ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാര്‍ സിങ് പറഞ്ഞു.
ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങള്‍ വിച്ഛേദിച്ചു. കര്‍ഷകര്‍ക്കെതിരായ കരി നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ജിയോയും റിലയന്‍സും ബഹിഷ്‌കരിക്കുന്നത് തുടരും. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു. മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും സിങ് എഎന്‍ഐയോട് പറഞ്ഞു.
ഞങ്ങള്‍ റിലയന്‍സിനെയും ജിയോയെയും എതിര്‍ക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ഈ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിക്കില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരനായ മന്‍പ്രീത് സിങും പറഞ്ഞു. കമ്പനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന ഭാരതി എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കുമെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് ജിയോ ട്രായിക്ക് കത്തെഴുതിയിരുന്നു.