ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ഐ ടി ഒയില്‍ സംഘര്‍ഷത്തില്‍ ഒരു മരണം. പോലീസ് വെടിവെച്ചുകൊന്നു എന്നാണ് കര്‍ഷകരുടെ വാദം. എന്നാല്‍ സംഭവസ്ഥലത്ത് നിലവില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഐ ടി ഒയ്‌ക്ക് മുന്നിലെത്തിയ പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ മറിച്ചിട്ടു. ഐ ടി ഒയിലുളള കര്‍ഷകര്‍ ട്രാക്‌ടറുമായി സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്.
ഡി ടി ഒ ഓഫീസിന് മുന്നിലെത്തിയ ട്രാക്‌ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിനും കണ്ടെയ്‌നറുകള്‍ക്കും നേരെ കര്‍ഷകര്‍ ആക്രമണം നടത്തി. മൂന്നു വഴികളാണ് മാര്‍ച്ച് നടത്താനായി ഡല്‍ഹി പൊലീസ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ആറിടങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചതാണ് സംഘര്‍ഷത്തിന് കാരണം.
കര്‍ഷക സമരത്തില്‍ പങ്കെടുക്കാത്തവരും ട്രാക്‌ടര്‍ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചുമണിവരെയാണ് റാലി നടത്താന്‍ ഡല്‍ഹി പോലീസ് സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ, ഗാസിപ്പൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. റിംഗ് റോഡില്‍ കൂടി കടന്നുപോകാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.