ന്യൂഡല്‍ഹി: സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷക സംഘടനകള്‍. ഇന്ന് മുതല്‍ ദേശീയപാതകളും ടോള്‍ പ്ലാസകളും ഉപരോധിക്കും. ആഗ്ര- ഡല്‍ഹി, ജയ്പൂര്‍ -ഡല്‍ഹി ദേശീയ പാതകളും തടയാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമങ്ങള്‍ റദ്ദ് ചെയ്യാതെ ഇനി ചര്‍ച്ചക്കില്ലെന്ന് കര്‍ഷകസംഘടന നേതാക്കള്‍ വ്യക്തമാക്കി. അതേസമയം കര്‍ഷക സമരത്തെ പാര്‍ട്ടി തലത്തില്‍ പ്രതിരോധിക്കാന്‍ ബി.ജെ.പി നീക്കം തുടങ്ങി.
രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ ഉപരോധിക്കുകയും ടോള്‍ പിരിക്കുന്നത് തടയുകയും ചെയ്യുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുളള ദേശീയ പാതകള്‍ കൂടി നാളെ കര്‍ഷകര്‍ തടയും. ടോള്‍ പിരിവ് തടയുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്ക പോലീസിനുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകര്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും. പഞ്ചാബില്‍ നിന്ന് മാത്രം 700 ട്രാക്ടറുകള്‍ പുറപ്പെട്ടിട്ടുണ്ട്.
കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രവും അല്ലാതെ സമരം നിര്‍ത്തില്ലെന്ന് കര്‍ഷകരും നിലപാടെടുത്തതോടെ സമവായ സാധ്യത ഇല്ലാതെ സമരം മുന്നോട്ട് പോകുകയാണ്. താങ്ങുവില ഉറപ്പാക്കുമെന്നതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രിംകോടതിയെ കര്‍ഷക സംഘടനകള്‍ സമീപിച്ചിട്ടുണ്ട്.