ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയോടടുക്കുന്നു. നിലവില്‍ ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെയാണ് താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ ഡല്‍ഹി പോലീസ് സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ പ്രകടനവുമായി ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്. അതിര്‍ത്തികളിലെല്ലാം ബാരിക്കേഡുകള്‍ വെച്ച് പോലീസ് തടസങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഡല്‍ഹി, ഹരിയാന അതിര്‍ത്തികളിലേക്കുള്ള പ്രവേശനം പൂര്‍ണമായും പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ക്കാനുള്ള കര്‍ഷകരുടെ ശ്രമമവസാനിച്ച് സംഘര്‍ഷസാഹചര്യങ്ങളിലാണ്. കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
താല്‍ക്കാലികമായി കര്‍ഷകര്‍ പിന്മാറിയെങ്കിലും ഇപ്പോള്‍ ആയിരക്കണക്കിന് കര്‍ഷകരാണ് കൂട്ടമായി അതിര്‍ത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവുമായി അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കേന്ദ്രകൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷകസംഘടന പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്.
ഇതിന് മുന്‍പ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ ക്കൊന്നും സമവായമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമാണ് സംഘടനകള്‍ വ്യക്തമാക്കുന്നത്. രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദില്ലി ചലോ മാര്‍ച്ച് ദിവസങ്ങളോളം നീളാന്‍ സാധ്യതയുണ്ട്. കൂടുതല്‍ ദിവസങ്ങളിലേക്കുള്ള ഭക്ഷണസാധനങ്ങളും വെള്ളവും, തണുപ്പിനെ അകറ്റാനുള്ള വസ്ത്രവും മറ്റുമായാണ് പലഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂട്ടമായി ഡല്‍ഹിയിലേക്കെത്തുന്നത്.