ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ തത്ക്കാലം നടപ്പാക്കരുതെന്നെ സുപ്രിം കോടതി നിര്‍ദ്ദേശം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ഉടന്‍ നടപ്പാക്കും. കാര്‍ഷിക നിയമഭേദഗതി ഇപ്പോള്‍ നടപ്പാക്കരുത് എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ ഉറച്ച് നിന്നതോടെയാണ് ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെന്ന നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇങ്ങനെ പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ എന്ന നിലയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുളള പ്രാപ്‌തി നിങ്ങള്‍ക്കില്ല. മതിയായ ചര്‍ച്ചകളില്ലാതെ നിങ്ങള്‍ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തില്‍ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് പരിഹാരം കാണണം എന്നായിരുന്നു കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദ്ദേശിച്ചത്.
വിദഗ്ദ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസം സമയം നല്‍കണമെന്ന് കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരുടെ സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കി. ഇപ്പോള്‍ സമരം നടത്തുന്ന വേദി മാറ്റണം, മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഈ സമരത്തില്‍ നിന്ന് പിന്നോട്ട് പോകണം എന്നിങ്ങനെയാണ് കര്‍ഷകരോട് കോടതി മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഇത് കര്‍ഷക സമരക്കാരെ അറിയിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്തു.