തെങ്ങിനെ ബാധിക്കുന്ന തഞ്ചാവൂര്‍ വാട്ടം അഥവാ കടയഴുകല്‍ എന്ന കുമി ള്രോഗത്തിന്റെ ലക്ഷണമാണിത്. ഗാനോഡര്‍മ ലൂസിഡം, ഗാനോഡര്‍മ അപ്ലാനേറ്റം എന്നീ കുമിളുകളാണ് രോഗഹേതു. വേരിലൂടെയാണ് രോഗപ്പകര്‍ച്ച. രോഗബാധിതമായ തെങ്ങുകളുടെ വേരുകള്‍ ചീഞ്ഞുപോകും. ഓലകള്‍ മഞ്ഞളിച്ചു വാടിയുണങ്ങും. തേങ്ങ പൊഴിയും.
തടിയുടെ കടയ്ക്കല്‌നിന്ന് കറയൊലിക്കും. ഒപ്പം തെങ്ങിന് തടിയുടെ ചുവടുഭാഗം പെട്ടെന്ന് പൊട്ടിപ്പൊടിയുന്ന രൂപത്തിലായി പാളികളായി ഇളകിപ്പോകും. വലിയ വടുക്കള്‍ പോലെ അവ തുറന്നിരിക്കും. ചിലപ്പോള്‍ കുമിളിന്റെ കുടപോലെയുള്ള ഭാഗങ്ങള്‍ തടിയില്‍ വളരുന്നതും കാണാം. രോഗം രൂക്ഷമായാല്‍ ഓലകളുണങ്ങി മണ്ടമറിയാനും മതി.
വേരിലൂടെ പകരുന്ന രോഗമാകയാല്‍ ഇത്തരം തടങ്ങളില്‍ വെള്ളക്കെട്ട് പാടില്ല. ഇവിടെ ഇടയിളക്കുന്നതും രോഗം പടര്‍ത്തൂം. മണലിന്റെ അംശം കൂടിയ മണ്ണിലും രോഗസാധ്യത കൂടും. പരത്തിയുള്ള തടംനന എന്തായാലും ഒഴിവാക്കണം. ഇത്തരം തെങ്ങുകള്‍ക്ക് ഒരു വര്‍ഷം 50 കിലോഗ്രാം ജൈവവളവും അഞ്ചുകിലോഗ്രാം വേപ്പിന് പിണ്ണാക്കും നിര്‍ബന്ധമായും നല്കണം.
ട്രൈക്കോഡെര്‍മ ഹാഴ്‌സിയാനം എന്ന മിത്രകുമിള്‍ വളര്‍ത്തിയ വേപ്പിന്പിണ്ണാക്ക് തടത്തില്‍ ചേര്‍ക്കുന്നതായാല്‍ ഏറെ നന്ന്. ഇത് മണ്ണിലെ രോഗാണുവിനെ നശിപ്പിക്കും. ഒറ്റത്തെങ്ങിന് ഇത് അഞ്ചുകിലോ മതിയാകും. ഒരുകിലോ ട്രൈക്കോഡെര്‍മ 100 കിലോ വേപ്പിന്പിണ്ണാക്കില്‍ എന്ന തോതില്‍ കലര്‍ത്തി തടത്തില്‍ ചേര്‍ക്കാനുള്ള മിശ്രിതം തയ്യാറാക്കാം.
രോഗം ബാധിച്ച തെങ്ങിന്റെ കടഭാഗവും വേരും തീയിട്ടുനശിപ്പിച്ചു അതിനു ചുറ്റും ഒന്നരമീറ്റര്മാറി ഒരുമീറ്റര് ആഴത്തിലും 50 സെന്റീമീറ്റര്‍ വീതിയിലും കുഴിയെടുത്ത് അതിനെ മറ്റു തെങ്ങുകളില്‌നിന്ന് ഒറ്റപ്പെടുത്തി രോഗവ്യാപനം തടയുന്നതും പതിവുണ്ട്. ഒരു ശതമാനം വീര്യമുള്ള ബോര്‌ഡോമിശ്രിതം കൊണ്ട് തടം കുതിര്‍ക്കാം.
ഒരു തെങ്ങിന് ഏകദേശം 40 ലിറ്റര്‍ മിശ്രിതം വേണ്ടിവരും. ഇത് വര്‍ഷത്തില്‍ മൂന്നുതവണ ചെയ്യണം. കൂടാതെ ഇത്തരം തെങ്ങുകള്‍ക്ക് വേനല്ക്കാലത്തും മറ്റും തടത്തില്മാത്രം ഒതുക്കി നനയ്ക്കുക.ഇതൊക്കെ ചെയ്തിട്ടും രക്ഷയില്ലെങ്കില്‍ തെങ്ങു മുറിച്ചുനീക്കി തടം അണുനശീകരണം നടത്തി ഒരിടവേള കഴിഞ്ഞു അടിത്തൈ വെക്കാം.
തെങ്ങുകളോടൊപ്പം വാഴ ഇടവിളയായി വളര്‍ത്തിയാല്‍ രോഗസാധ്യത കുറയുന്നതായി കണ്ടിട്ടുണ്ട്. വളംവിതറി തെങ്ങുകള്‍ക്ക് കൊത്തിച്ചേര്‍ക്കുന്നതിനെക്കാള്‍ നല്ലത് ചുവട്ടില്‍ നിന്ന് ഒന്നര-ഒന്നേമുക്കാല് മീറ്റര്‍ ചുറ്റളവില്‍ 10-15 സെന്റീമീറ്റര്‍ താഴ്ചയില് തെങ്ങിന് ചുറ്റും തടംതുറന്നു വളം വിതറി മണ്ണിട്ട് മൂടുക എന്നതാണ്. വേരുകള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് ചുവട്ടില്‌നിന്ന് രണ്ടു മീറ്ററിനുള്ളിലായതിനാല് ആണിത്. അധികം ആഴത്തിലാകാനും പാടില്ല.