ആലത്തൂർ : കർഷകർക്ക് ആശ്വാസമേകി നിറയിലെ കൊയ്ത്ത് യന്ത്രങ്ങൾ വയലുകളിൽ സജീവം. ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയാണ് നിറ. അഞ്ച് വർഷമായി കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ ഇവർ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നുണ്ട്. ഇതര സംസ്ഥാന യന്ത്രങ്ങൾക്ക് പുറമേ കെയ്കോയുടെ യന്ത്രങ്ങളും നിറ എത്തിക്കുന്നുണ്ട്.
തുടക്കത്തിൽ തന്നെ പദ്ധതിയെ തകർക്കാൻ ചില ഏജൻറുമാർ രംഗത്തിറങ്ങിയിരുന്നു. നിറ കൊണ്ടുവരുന്ന യന്ത്രങ്ങൾ വയലിലിറങ്ങാൻ സമ്മതിക്കില്ലെന്ന നിലപാടും ഇവർ സ്വീകരിച്ചിരുന്നതായും പറയുന്നുണ്ട്. ഇന്ധന വില വർധനവിലും യന്ത്ര വാടക കൂട്ടാതെ കഴിഞ്ഞ വർഷത്തെ 2300 രൂപ വാടക തന്നെയാണ് ഈ വർഷവും ഈടാക്കുന്നത്. കടുത്ത ഇന്ധന വില വർധനവും പ്രളയ സാഹചര്യവും കണക്കിലെടുത്ത് പല യന്ത്രങ്ങളും തിരിച്ചു പോയതായും പറയുന്നു. ഈ സാഹചര്യത്തിലാണ് നിറ സര്‍ക്കാരിന്‍റേത് ഉൾപ്പെടെ 50 യന്ത്രങ്ങൾ എത്തിച്ചത്.