തിരുവല്ല : പെരിങ്ങര ജംഗ്‌ഷനിലെ ഫാസ്റ്റ് ഫുഡ് കടയുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ 9, 10, 12 വാര്‍ഡുകള്‍ ഭാഗീകമായും 11-ാം വാര്‍ഡ് പൂര്‍ണമായും അടച്ചു. പനിയും രോഗലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി നിരീക്ഷണത്തിലായിരുന്ന കടയുടമയുടെ സ്രവം കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ചേര്‍ന്നാണ് വാര്‍ഡുകള്‍ അടയ്ക്കുന്ന നടപടി സ്വീകരിച്ചത്.
വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കാനുള്ള ശുപാര്‍ശ ആരോഗ്യ വിഭാഗം ജില്ലാ കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്ന നടപടികള്‍ ആരോഗ്യ വിഭാഗത്തിന്റെയും ആശാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇരുപതിലധികം പേരുമായി സമ്പര്‍ക്കം ഉണ്ടെന്ന് പ്രാഥമികമായി കണ്ടെത്തി. കൂടാതെ പ്രത്യേക സ്ക്വാര്‍ഡ് രൂപീകരിച്ച് മൂന്ന് വാര്‍ഡുകളിലെയും മുഴുവന്‍ വീടുകളിലും ശനിയാഴ്ച സര്‍വേ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്കാകും നിയന്ത്രണം. രോഗം സ്ഥിരീകരിച്ചയാളെ ജില്ലാ ആശുപത്രിയിലെ കൊവിഡ് സെന്ററിലേക്ക് മാറ്റി.