കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരത്തിനെതിരേ ലക്ഷദ്വീപ് ജനതയുടെ നിരാഹാര സമരം ആരംഭിച്ചു. 12 മണിക്കൂര്‍ നീളുന്ന നിരാഹാര സമരത്തില്‍ 70,000 പരം ആള്‍ക്കാര്‍ അവരവരുടെ വീടുകളില്‍ പ്രതിഷേധിക്കുകയാണ്. കച്ചവട സ്ഥാപനങ്ങള്‍ അടച്ചും മത്സ്യബന്ധന ബോട്ടുകള്‍ കടലിലിറക്കാതെയും വാഹനങ്ങള്‍ നിരത്തിലിറക്കാതെയുമാണ് പ്രതിഷേധം.
ചരിത്രത്തിലാദ്യമായിട്ടാണ് ദ്വീപില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടക്കുന്നത്. ദ്വീപില്‍ ഉടനീളം ഹര്‍ത്താല്‍ പ്രതീതിയാണ്. ജനവാസമുള്ള 10 ദ്വീപുകളിലായി 70,000 പേര്‍ സമരത്തില്‍ പങ്കാളികളാകുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം പറയുന്നു. ലക്ഷദ്വീപിലെ ജനതയെ കേള്‍ക്കാതെ ദ്വീപിനെ അടിമുടി മാറ്റുന്ന പരിഷ്‌ക്കാരം അനുവദിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
ഇപ്പോള്‍ നടത്തുന്നത് സൂചന സമരമാണ്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും പരിഷ്‌ക്കാര നടപടികളില്‍ നിന്നും പിന്മാറണമെന്നുമുള്ള ഇവരുടെ ആവശ്യം നിരാകരിച്ചാല്‍ സമരം തുടര്‍ച്ചയായി നടത്തി കടുപ്പിക്കാനാണ് തീരുമാനം. അതേസമയം പ്രായമായവരും രോഗികളുമെല്ലാം സമരത്തിന്റെ ഭാഗമാകുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. രോഗികളുള്‍പ്പെടെയുള്ളവര്‍ നിരാഹാരം നടത്തുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.
അഡ്മിനിസ്ട്രേറ്റര്‍ ഏറ്റവും പുതിയതായി ഇറക്കിയിരിക്കുന്ന തേങ്ങയും ഓലയും പറമ്പിലിടരുതെന്ന വിചിത്ര ഉത്തരവും വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിട്ടുണ്ട്. ഖരമാലിന്യങ്ങള്‍ കത്തിക്കരുതെന്നും പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും, പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോകരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ഏറ്റവും പുതിയത്. ദ്വീപ് മാലിന്യമുക്തമാക്കാനാണ് തീരുമാനമെന്ന് ഭരണകൂടം പറയുമ്പോള്‍ നാട്ടുകാര്‍ക്കെതിരേ അനാവശ്യമായി കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യമെന്ന് ദ്വീപുകാര്‍ പറയുന്നത്.
അതിനിടയില്‍ ഇന്ന് ഉച്ചയ്ക്ക് കൊച്ചിയില്‍ യുഡിഎഫ് എംപിമാരും സമരം നടത്തുന്നുണ്ട്. യുഡിഎഫ് എംപിമാര്‍ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തുന്നുണ്ട്. നേരത്തേ ഇവര്‍ക്ക് ലക്ഷദ്വീപിലേക്ക് യാത്രാ അനുമതി നിഷേധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ നിന്നും പുറത്തു നിന്നുള്ളവരെ ഒഴിപ്പിക്കുകയാണ്.