പത്തനംതിട്ട : തണ്ണിത്തോട് വീട് ആക്രമിക്കപ്പെട്ട വിദ്യാര്‍ഥിനി നിരാഹാരസമരം തുടങ്ങി. അമ്മയുടെ മൊഴി മാറ്റിയ പോലീസുകാരനെതിരെ നടപടി വേണമെന്നും തന്റെ വീട് അക്രമിച്ചവര്‍ക്കെതിരെ യഥാർഥ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്നുമാണ് ആവശ്യം. ആക്രമണക്കേസില്‍ ഇന്ന് മൂന്നുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. അതേസമയം മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയില്ലെന്ന് എസ്പി കെ.ജി.സൈമണ്‍ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ പിതാവ് പരാതി പറഞ്ഞില്ല. പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചില്ല . മൊഴി അനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ത്തെന്നുംഎസ്പി പറഞ്ഞു.
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ വീടിന് നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പാർട്ടി അംഗങ്ങളായ 6 പേരെ സിപിഎം സസ്പെൻഡ് ചെയ്തിട്ടുണ്ട്. വീടിന് നേരെയുണ്ടായ കല്ലേറും ആക്രമണവും അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവർത്തനമാണെന്ന് വിലയിരുത്തിയാണ് സിപിഎം ജില്ലാ കമ്മിറ്റി നടപടിയെടുത്തത്. കേസിൽ ഉൾപ്പെട്ട രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരിൽ രാജേഷ്, അശോകൻ, അജേഷ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
അപമാനിക്കുന്ന തരത്തിലും പിതാവിനെ അപായപ്പെടുത്തണമെന്നുള്ള വിധത്തിലും സമൂഹമാധ്യമത്തിൽ പോസ്റ്റും ശബ്ദസന്ദേശവും ഇട്ടത് സഹിതം പെൺകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് അക്രമികൾക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് പെൺകുട്ടിയുടെ വീടിന് നേർക്ക് ആക്രമണം നടന്നത്. കല്ലേറിൽ വീടിന്റെ ജനാല ചില്ല് തകർന്നു. ഇതേ സമയം പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴി ഇനിയും എടുത്തിട്ടില്ലെന്നും കതക് ചവിട്ടിയിളക്കിയതിനും പെൺകുട്ടിയെ തള്ളിയിട്ടതിനും കേസ് എടുത്തിട്ടില്ലെന്നും പിതാവ് പറയുന്നു.