തൃശ്ശൂർ : തുക തീർന്ന ഫാസ്‌ടാഗുമായി ടോൾ പ്ലാസയിലെത്തുന്ന വാഹനങ്ങൾക്ക് ഇരട്ടി തുക പിഴയീടാക്കാനുള്ള തീരുമാനം വാഹനയാത്രക്കാരെ ആശങ്കയിലാക്കുന്നു. ജില്ലയിൽ പാലിയേക്കര ടോൾപ്ലാസയിൽ കഴിഞ്ഞ 15 മുതൽ നിയമം പ്രാബല്യത്തിലുണ്ട്. ഫാസ്‌ടാഗ്‌പതിച്ച വാഹനങ്ങളിൽ വലിയ ശതമാനം ടോൾബൂത്തിനു മുന്നിലെത്തുമ്പോഴാണ് ടാഗിൽ തുകയില്ലാത്ത കാര്യം അറിയുന്നത്. അക്കൗണ്ടിലേക്ക് ഓൺലൈൻ വഴി കൈമാറ്റം ചെയ്യുന്നതിനാൽ മിക്കവാറും ഗുണഭോക്താക്കൾ ടോൾബൂത്തിലെത്തുമ്പോഴാണ് ഈ കാര്യം ശ്രദ്ധിക്കുക.
പാലിയേക്കരയിൽ നിലവിൽ മൂന്ന് ഫാസ്‌ടാഗ് ട്രാക്കുകളും രണ്ട് ഹൈബ്രിഡ് ട്രാക്കുകളുമാണുള്ളത്. ഫാസ്‌ടാഗ് ട്രാക്കിൽ തെറ്റി കയറുന്ന ടാഗില്ലാത്ത വാഹനങ്ങളിൽനിന്ന് നേരത്തേ ടോൾ തുകയുടെ ഇരട്ടി പിഴയീടാക്കുന്നുണ്ട്. നിലവിൽ വാലിഡിറ്റിയില്ലാത്ത ടാഗ് ഉടമകൾ ടോൾ തുക നൽകി കടന്നുപോകുന്നുണ്ടെങ്കിലും പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇവരെല്ലാം ഇനി പിഴ നൽകേണ്ടിവരും. ലോക്ഡൗണിൽ വാഹനങ്ങളുടെ കുറവുമൂലം പ്രശ്നം ഗുരുതരമായി ബാധിച്ചിട്ടില്ല. എന്നാൽ വാഹനത്തിരക്ക് സാധാരണ നിലയിലാകുന്നതോടെ സ്ഥിതി മോശമാകും.
ടോൾ തുകയും പ്രാദേശിക സൗജന്യ പാസും സ്വീകരിക്കുന്ന ഹൈബ്രിഡ് ട്രാക്കുകൾ എണ്ണത്തിൽ കുറവായതും ടാഗ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. നിലവിൽ പ്രാദേശിക പാസുകാരും ഫാസ്റ്റാഗില്ലാത്തവരുമായി ടോൾബൂത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഇനി വാലിഡിറ്റിയില്ലാത്ത ഫാസ്റ്റാഗ് വാഹനങ്ങൾ കൂടിയാകുമ്പോൾ ടോൾപ്ലാസയിൽ വാഹനത്തിരക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും.