ബീജിംഗ് : ചൈനയിൽ ബഹുനില കെട്ടിടത്തിന്റെ 15ാം നിലയിലെ ജനലിലൂടെ രണ്ട് മക്കളെ എറിഞ്ഞുകൊന്ന പിതാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി. ഷാംഗ് ബോ, കാമുകി യേ ചെംഗ്ചെൻ എന്നിവരെയാണ് ബുധനാഴ്ച സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം വിഷം കുത്തിവച്ച് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ചിംഗ് നഗരത്തിൽ 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിവാഹിതനാണെന്നും രണ്ട് വയസുള്ള പെൺകുട്ടിയുടെയും ഒരുവയസുള്ള ആൺകുട്ടിയുടെയും പിതാവാണെന്നുമുള്ള കാര്യം മറച്ചുവച്ച് ബോ, യേയുമായി അടുക്കുകയായിരുന്നു. 2020 ഫെബ്രുവരിയിൽ ഇയാൾ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി.കുട്ടികളെ ഒഴിവാക്കിയാൽ മാത്രമേ ഒരുമിച്ച് ജീവിക്കാനാകൂ എന്ന് യേ നിർബന്ധിച്ചു. ഇതോടെ കുട്ടികളെ അപ്പാർട്ട്മെന്റിന്റെ ജനൽ വഴി ബോ താഴേക്ക് എറിഞ്ഞുകൊന്നു. താൻ ഉറങ്ങിക്കിടന്നപ്പോഴാണ് കുട്ടികൾ താഴെ വീണതെന്നും ആളുകൾ ബഹളം വച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.