കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിച്ച സംഭവത്തിൽ പ്രാഥമിക കൗൺസിലിംഗിലും സിഡബ്ല്യുസിക്ക് മുന്നിലും വീഡിയോ പ്രാങ്ക് എന്ന് ആവർത്തിച്ച് മൂത്ത കുട്ടി. എന്നാൽ ഇളയ കുട്ടിക്ക് ഇതേക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ലെന്നാണ് മൊഴി. രണ്ട് കുട്ടികൾക്കും അച്ഛനൊപ്പവും അമ്മയ്ക്കൊപ്പവും പോകാൻ താല്പര്യമില്ലെന്ന് കൗൺസിലിംഗിനിടെ അറിയിച്ചു. അച്ഛൻ ജോസ് മദ്യപിച്ച് എത്തിയാൽ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും കുട്ടികൾ മൊഴി നൽകി. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കേസിൽ രണ്ടു മക്കളുടെയും ഇവരുടെ അമ്മയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. വിശദമായി പഠിച്ച ശേഷം മാത്രമെ അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കാൻ തീരുമാനിക്കുകയുള്ളൂവെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ രവി വ്യക്തമാക്കി. കുട്ടികളെ ഉപദ്രപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.