ചവറ :അച്ഛന്റെ കസേരയിൽ ആദ്യമായി ഇരുന്നു യോഗം നിയന്ത്രിച്ചപ്പോൾ ആ സ്മരണയിൽ വികാരനിർഭരനായി നിയുക്ത എംഎൽഎ ഡോ.സുജിത്ത് വിജയൻ പിള്ള. അന്തരിച്ച എംഎൽഎ എൻ.വിജയൻ പിള്ളയുടെ ചവറയിലെ ഓഫിസിലാണ് അദ്ദേഹത്തിന്റെ വേർപാടിനു ശേഷം ആദ്യമായി യോഗം ചേർന്നത്. എംഎൽഎയുടെ കസേര മറ്റാരും ഉപയോഗിക്കാതെ ഒരു വർഷത്തിലേറെയായി ഓഫിസ് മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണു നിയുക്ത എംഎൽഎയുടെ ആദ്യ പരിപാടിയായി ഇന്നലെ നടന്നത്. അച്ഛന്റെ കസേരയിൽ മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങിയാണു സുജിത്ത് ഇരുന്നത്. പിതൃസ്മരണയിൽ ഏറെ നേരം വികാരാധീനനായി. യോഗത്തിൽ പങ്കെടുത്തവരും ആ സ്മരണയിൽ മൗനം പൂണ്ടു. പിന്നീടു ക്രിയാത്മകമായ നിർദേശങ്ങളുമായി പുതിയ എംഎൽഎ യോഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.