ന്യൂഡൽഹി : വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകളുടെ സംരക്ഷണാവകാശം പിതാവിന് നഷ്ടപ്പെട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെതാണ് വിധി.സിംഗപ്പൂരിൽ ബിസിനസ് ചെയ്യുന്ന മലയാളിയായ പിതാവിന്റെ സംരക്ഷണാവകാശമാണ് കോടതി റദ്ദ് ചെയ്തത്. വേർപിരിഞ്ഞ മലയാളി ദമ്പതികളുടെ മകൾ 15 ദിവസം പിതാവിനൊപ്പവും ബാക്കിയുള്ള ദിവസം മാതാവിനൊപ്പവുമാണ് കഴിയുന്നത്. നേരത്തെ ഹൈകോടതിയാണ് മാസത്തിൽ പകുതി ദിവസം മകളെ പിതാവിനൊപ്പം വിടാൻ ഉത്തരവിട്ടത്. എല്ലാ മാസവും 15 ദിവസം മകൾക്കൊപ്പം താമസിക്കാൻ പിതാവ് സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരത്തെത്തും.
വാടക വീട്ടിലായിരുന്നു താമസം. തിരക്കേറിയ ബിസിനസുകാരനായതിനാൽ 15ദിവസവും ഹോട്ടലുകളിൽ നിന്ന് വാങ്ങിയ ഭക്ഷണമാണ് നൽകിയിരുന്നത്. മകളോട് വാത്സല്യമുള്ള പിതാവാണെങ്കിലും വീട്ടിലെ അന്തരീക്ഷവും സാഹചര്യവും പെൺകുട്ടിയുടെ വളർച്ചക്ക് അനുകൂലമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംരക്ഷണാവകാശം ഇല്ലെങ്കിലും മാസത്തിൽ ഒന്നിടവിട്ട ശനി, ഞായർ ദിവസങ്ങളിൽ മകളോട് വിഡിയോ കോളിൽ സംവദിക്കാനുള്ള അനുമതി സുപ്രീം കോടതി നൽകി.