മുംബൈ : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ആന്റിവൈറല്‍ മരുന്നായ ഫാവിപിരാവിറിന്റെ ഗുളിക തയ്യാറായതായി റിപ്പോര്‍ട്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പിനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്.
‘ഫാബിഫ്ലു’ എന്നപേരിലാണ് വിപണിയില്‍ ലഭിക്കുക. രോഗം അത്ര തീവ്രമായി ബാധിച്ചിട്ടില്ലാത്തവരുടെ ചികിത്സയ്ക്കാണ് ഈ ഗുളിക ഉപയോഗിക്കുക. 34 സ്ട്രിപ്പ് ടാബ്‌ലെറ്റുകളായാണ് മരുന്ന് ലഭിക്കുക. 3,500 രൂപയാണ് മരുന്നിന്റെ വില. ഒരു 200 എംജി ടാബ്‌ലെറ്റിന് ഏകദേശം 102.9 രൂപയാണ് വിലയുണ്ടാകുക. ഇന്ത്യയിലാദ്യമായാണ് ഫാവിപിരാവിര്‍ അംഗീകൃതമായ ശേഷം ഇത്തരത്തിലൊരു മരുന്ന് പുറത്തിറക്കുന്നത്.
പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗവസ്ഥകളുള്ളവരിലും കോവിഡ്-19 ലക്ഷണങ്ങള്‍ മിതമാണെങ്കില്‍ ഈ മരുന്ന് ഉപയോഗിക്കാം. ഫാബിഫ്ളൂവിന്റെ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റും (എപിഐ) ഫോര്‍മുലേഷനും ഗ്ലെന്‍മാര്‍ക്കിന്റെ ആഭ്യന്തര ഗവേഷണ-വികസന വിഭാഗമാണ് വികസിപ്പിച്ചത്.
ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാണ് കഴിക്കേണ്ടത്. ആദ്യദിവസം 1,800 മില്ലിഗ്രാം വീതം രണ്ടുതവണയും തുടര്‍ന്ന് ദിവസേന രണ്ടുതവണയായി 800 മില്ലിഗ്രാം 14 ദിവസത്തേക്കും രോഗികള്‍ക്ക് നല്‍കണമെന്ന് കമ്പിനി അറിയിച്ചു. നേരിയ രോഗമുള്ളവര്‍ക്കാണ് ഈ ഗുളിക നല്‍കുക. കഴിഞ്ഞ മാസമാണ് കൊറോണ രോഗികളില്‍ ഫാവിപിരാവിര്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ഫാവിപിരാവിര്‍ 4 ദിവസത്തിനുള്ളില്‍ വൈറസിന്റെ തോത് അതിവേഗം കുറയ്ക്കും. കോവിഡ്-19 മിതമായി ബാധിക്കപ്പെട്ട കേസുകളില്‍ 88 ശതമാനം വരെ ക്ലിനിക്കല്‍ പുരോഗതിയാണുണ്ടായത്.