കണ്ണൂർ : തലശ്ശേരി ഫസൽ വധക്കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ. ഡിവൈഎസ്പിമാരായ പി പി സദാനന്ദൻ, പ്രിൻസ് എബ്രഹാം, സിഐ കെപി സുരേഷ് ബാബു എന്നിവർക്കെതിരെയാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ആർ എസ് എസ് പ്രവർത്തകനായ സുബീഷിനെ കൊണ്ട് കള്ളമൊഴി രേഖപ്പെടുത്തിയ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് സിബിഐയുടെ റിപ്പോർട്ടിൽ ഉള്ളത്.
വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലിൽ വെച്ച് കള്ള മൊഴി രേഖപ്പെടുത്തിയെന്ന് സിബിഐ പറയുന്നു. പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസൽ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നും സിബിഐ വ്യക്തമാക്കുന്നു. സുബീഷിനെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് സമൂഹ മാധ്യമങ്ങളിൽ കൊലപാതകത്തിന് പിന്നിൽ സുബീഷാണെന്ന് പ്രചാരണമുണ്ടായിരുന്നു. കേസിൽ പുതിയ തെളിവുകളില്ലെന്നും കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവർ തന്നെയാണ് പ്രതികളെന്നും സിബിഐ പറയുന്നു.