ഇന്ത്യൻ വാഹന വിപണിയിലെ തങ്ങളുടെ സാന്നിധ്യം പുനഃരുജ്ജീവിപ്പിക്കാനുള്ള തന്ത്രപരമായ നീക്കത്തിലാണ് ഹോണ്ട. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയോട് മത്സരിക്കാൻ എലിവേറ്റ് എന്ന മിഡ് സൈസ് എസ്‌യുവി കമ്പനി അവതരിപ്പിച്ചത് ഇതിന്റെ ഭാഗമായിട്ടാണ്. അഞ്ച് പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവയിൽ മൂന്നാം തലമുറ അമേസ്, ഒരു കോംപാക്റ്റ് 7-സീറ്റർ എസ്‌യുവി, എലിവേറ്റിന്റെ ഒരു ഇലക്‌ട്രിക് വേരിയന്റ് എന്നിവയും വിപണിയിലെത്താൻ തയ്യാറാണ്. ഇതിൽ ഹോണ്ട അമേസ് എന്ന സബ്‌കോംപാക്റ്റ് സെഡാൻ 2013ൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചതാണ്. 2018ലെ ഒരു തലമുറ നവീകരണത്തിനും 2021ലെ മിഡ്-ലൈഫ് അപ്‌ഡേറ്റിനും ശേഷം സെഡാൻ ഇപ്പോൾ അതിന്റെ മൂന്നാമത്തെ അവതാരത്തിനായി ഒരുങ്ങുകയാണ്. 2024ന്റെ അവസാന പകുതിയിലേക്കാണ് ഹോണ്ട ഇത് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. വരാനിരിക്കുന്ന ഈ പതിപ്പ് ഡിസൈൻ, ഇന്റീരിയർ സൗന്ദര്യം, ഫീച്ചർ ഓഫറുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നൂതനമായ ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യയായ ഹോണ്ട സെൻസിംഗ് സ്യൂട്ടായിരിക്കും മൂന്നാം തലമുറ ഹോണ്ട അമേസിന്റെ ശ്രദ്ധേയമായ ഹൈലൈറ്റ്. ലെയിൻ അസിസ്റ്റൻസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയവ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ സുരക്ഷാ ഫീച്ചറുകളുടെ ഒരു നിരയാണ് ഈ സ്യൂട്ട്. എലിവേറ്റ് മിഡ്-സൈസ് എസ്‌യുവിയിലേത് പോലെ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ, 7.0 ഇഞ്ച് സെമി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകൾ പുതിയ അമേസിനും ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം എഞ്ചിനിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 1.2 ലിറ്റര്‍ 4-സിലിണ്ടർ iVTEC എഞ്ചിൻ നിലനിർത്തും. അഞ്ച് – സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളായിരിക്കും ട്രാൻസ്‍മിഷൻ. ഈ പവർട്രെയിൻ 90 ബിഎച്ച്‌പി പീക്ക് പവറും 110 എൻഎം ടോർക്കും നൽകുന്നു. നിലവിൽ 7.10 ലക്ഷം മുതൽ 9.86 ലക്ഷം രൂപ വരെയാണ് അമേസ് മോഡലിന്റെ എക്സ്-ഷോറൂം വില. എന്നിരുന്നാലും ഒന്നിലധികം വലിയ മാറ്റങ്ങള്‍ കൂടി വരുന്നതിനാൽ മൂന്നാം-തലമുറ അമേസിന്റെ വിലയിൽ നേരിയ വർദ്ധനവും പ്രതീക്ഷിക്കാം.