ഇടപാടുകാര്‍ക്ക് വാണിജ്യ വാഹന കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സും പ്രമുഖ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളിലൊന്നായ ഫെഡറല്‍ ബാങ്കും തമ്മില്‍ ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിന് ധാരണയിലെത്തി. ഈ കൂട്ടുകെട്ടിലൂടെ രാജ്യമെമ്പാടുമുള്ള ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതും ലളിതവുമായ വിവിധ ഇന്‍ഷുറന്‍സുകള്‍ പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും ഈ ഇന്‍ഷുറന്‍സ് സേവനം ലഭിക്കുന്നതാണ്. ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും ഉത്പന്നങ്ങളും ഉറപ്പാക്കുക എന്നതാണ് ഫെഡറല്‍ ബാങ്കിന്റെ എക്കാലത്തേയും നയം. വാണിജ്യ വാഹന ഉപകരണ രംഗത്തെ ഞങ്ങളുടെ ഇടപാടുകാര്‍ക്ക് ആവശ്യാനുസരണമുള്ള ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ചോള എംഎസുമായുള്ള ബാങ്കഷ്വറന്‍സ് പങ്കാളിത്തമെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.
ഈ സഹകരണത്തിലൂടെ ലോകോത്തര സേവനങ്ങള്‍ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ലഭ്യമാവുമെന്നും അവര്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കുമായുള്ള പങ്കാളിത്തം തങ്ങളുടെ വിതരണ ശൃംഖല കൂടുതല്‍ വിപുലീകരിക്കാന്‍ സഹായിക്കുകയും മികച്ച വളര്‍ച്ചാ അവസരങ്ങളൊരുക്കുമെന്നും ചോളമണ്ഡലം എംഎസ് എംഡി വി. സൂര്യനാരായണന്‍ പറഞ്ഞു. വാണിജ്യ വാഹന കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുടെ വായ്പ രംഗത്ത് ഫെഡറല്‍ ബാങ്കിന്റെ വിപുലമായ സാന്നിധ്യം മികച്ച അവസരമാണ് നല്‍കുന്നത്. 26 സംസ്ഥാനങ്ങളിലുടനീളമുള്ള ഞങ്ങളുടെ 600 ലേറെ ശാഖകള്‍ വഴി ഭവന- വാഹന- ആരോഗ്യ ഇന്‍ഷുറന്‍സ് പോലെയുളള വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഇടപാടുകാരുടെ ആവശ്യത്തിനു അനുസൃതമായി ലഭ്യമാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.