കൊച്ചി: കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം കേരളത്തിലും പുറത്തും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഫെഡറല്‍ ബാങ്ക് രംഗത്ത്. ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുന്നതിനായി കമ്യൂണിറ്റി കിച്ചനുകള്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാനും കോവിഡ്19 ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യുവാനുമാണ് പദ്ധതി. ഇതിനായി ജീവനക്കാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ബാങ്ക് വെബ്‌സൈറ്റ് വഴി ധനസമാഹരണവും നടത്തുന്നുണ്ട്. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജീവനക്കാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും സമാഹരിക്കുന്ന തുകയ്ക്കു തുല്യമായ തുക ഫൗണ്ടേഷനും വഹിക്കും. കോവിഡ്19 പരിശോധനയ്ക്കുള്ള 1000 റാപിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിലെത്തിക്കുമെന്നും ബാങ്ക് അറിയിച്ചു.
ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ നിയോജകമണ്ഡലങ്ങളിലെ 21 കമ്യൂണിറ്റി കിച്ചനുകള്‍ക്കുള്ള എല്ലാ സഹായങ്ങളും ഫെഡറല്‍ ബാങ്ക് നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എമാരായ റോജി എം ജോര്‍ജ്, അന്‍വര്‍ സാദത്, വി പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജനല്‍ ഹെഡുമായ ജോയ് തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
കൂടാതെ ദല്‍ഹിയില്‍ അഞ്ചിടങ്ങളിലായി കുടിയേറ്റ തൊഴിലാളികള്‍ക്കും ചേരി നിവാസികള്‍ക്കും അയ്യായിരം ഭക്ഷണപ്പൊതികള്‍ ഹെല്‍പ് ഏജ് ഇന്ത്യയുമായി സഹകരിച്ച് ഫെഡറല്‍ ബാങ്ക് ദിവസവും വിതരണം ചെയ്യുന്നുണ്ട്. ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും നെറ്റ്‌വര്‍ക്ക് 2 ഹെഡുമായ നന്ദകുമാര്‍ വി ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരളത്തിനു പുറമെ പുനെയിലും 1000 റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഫെഡറല്‍ ബാങ്ക് വിതരണം ചെയ്യും. ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ബാങ്ക് വെബ്‌സൈറ്റ് വഴി സംഭാവനകള്‍ നല്‍കാം. സംഭാവന തുകയുടെ 50 ശതമാനം ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്കും സംഭാവനകള്‍ നല്‍കാനും http://www.federalbank.co.in/covid-19-donation എന്ന വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കാം.