കൊച്ചി : കശുമാങ്ങയിൽനിന്ന് ‘ഫെനി’ ഉത്പാദിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷൻ ഒരുങ്ങുന്നു. ഇതിനായുള്ള പ്രോജക്ട് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെയും എക്സൈസ് വകുപ്പിന്റെയും അനുമതി ലഭിക്കുന്നതോടെ ഉത്പാദനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. കിറ്റ്‌കോയാണ് പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്. അനുമതി ലഭിക്കുന്നതോടെ കോർപ്പറേഷന്റെ വടകരയിലുള്ള ഫാക്ടറിയിലാണ് ഉത്പാദനം ആരംഭിക്കുക. ഫെനിയുടെ വിൽപ്പന എങ്ങനെയെന്ന് പിന്നീട് തീരുമാനിക്കും. ഫെനി ഉത്പാദനത്തിനായി 13 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ, ഫെനി ഉത്പാദനത്തിലൂടെ വർഷം 100 കോടി രൂപയുടെ വിറ്റുവരവും ലക്ഷ്യമിടുന്നുണ്ട്.
പുതിയ ഉത്പന്നം വിപണിയിൽ എത്തുന്നതോടെ കോവിഡ്കാലത്ത് നേരിട്ട നഷ്ടം കുറയ്ക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. പദ്ധതി വഴി നൂറോളം പേർക്ക് തൊഴിൽ ലഭിക്കും. ഡിസംബറിൽ ആരംഭിക്കുന്ന കശുവണ്ടി സീസൺ മാർച്ച് വരെ നീളും. ഈ സീസണിൽത്തന്നെ പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. നിലവിൽ കേരളത്തിൽ ഒരു വർഷം 85,000 ടൺ കശുമാങ്ങയാണ് പാഴായിപ്പോകുന്നത്. ഫെനി ഉത്പാദനം തുടങ്ങുന്നതോടെ സംസ്ഥാനത്തെ കശുമാങ്ങ പാഴായിപ്പോകാതെ സൂക്ഷിക്കാം. മാത്രമല്ല കശുമാങ്ങയിൽ നിന്ന് മൂല്യവർധിത ഉത്പന്നം വിപണിയിൽ എത്തുന്നതിനൊപ്പം കർഷകർക്കും ആശ്വാസമാകും. കിലോയ്ക്ക് 3.75 രൂപ കൊടുത്ത് കർഷകരിൽനിന്ന് മാങ്ങ സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ തോട്ടണ്ടിക്ക് പുറമെ കർഷകർക്ക് മാങ്ങയിൽ നിന്ന് വരുമാനം നേടാനാകും.
കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ കശുമാവുള്ളത്. അതിനാൽ ഈ ജില്ലകളിൽ നിന്നും ഫെനി ഉത്പാദിപ്പിക്കാൻ ആവശ്യമായ കശുമാങ്ങ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ. കശുമാങ്ങയുടെ ലഭ്യത കുറഞ്ഞാൽ മറ്റു പഴങ്ങളിൽ നിന്നും ഫെനി നിർമിക്കാനും കോർപ്പറേഷൻ ഉദ്ദേശിക്കുന്നുണ്ട്.
നിലവിൽ കശുമാങ്ങ കൊണ്ട് ജ്യൂസ്, സോഡ, ജാം തുടങ്ങിയവ കോർപ്പറേഷൻ വിപണിയിൽ എത്തിക്കുന്നുണ്ട്. ഇവയ്ക്ക് നല്ല ഡിമാൻഡും ഉണ്ട്.