കവിയൂർ : രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയിൽ കവിയൂരിലെ പാടശേഖരങ്ങൾ മുങ്ങിയതോടെ കർഷകർ ആശങ്കയില്‍. വെണ്ണീർവിള, വാക്കേക്കടവ്, മുണ്ടിയപ്പള്ളി പാടങ്ങളിലെ 200 ഏക്കറോളം വരുന്ന നെൽകൃഷിയാണ് നശിച്ചത്. ഇതിൽ വാക്കേക്കടവിലും മുണ്ടിയപ്പള്ളിയിലും ആദ്യമൊന്ന് വിത്തിട്ടത് തുലാമഴയിൽ മുങ്ങിപ്പോയിരുന്നു. ഇവിടങ്ങളിൽ വീണ്ടും ഇറക്കിയ കൃഷിയാണ് ഇപ്പോൾ നശിച്ചത്.
വെണ്ണീർവിളയിൽ വിതിച്ചിട്ട് 16 ദിവസം കഴിഞ്ഞതേയുള്ളൂ. വളമിടേണ്ട സമയത്താണ് കനത്തമഴ വില്ലനായത്. കവട കയറിക്കിടന്ന പാടങ്ങൾ ഒരുക്കാൻ കടം വാങ്ങിയവർക്ക് കൃഷിയുടെ തുടക്കത്തിലെ സാമ്പത്തികബാധ്യത. കന്നിമാസത്തിന്റെ പകുതിയിലാണ് നിലങ്ങൾ ഒരുക്കിത്തുടങ്ങിയത്. ഉഴുതുമറിക്കാൻ ട്രാക്ടർ കിട്ടാൻ കാലതാമസമെടുത്തു. മുണ്ടിയപ്പള്ളിയിൽ നിലമൊരുക്കി തുലാമാസത്തിന് മുന്നേ വിതച്ചു.
22 ദിവസം വളർച്ചയെത്തിയ നെല്ലാണ് ഇവിടെ മുങ്ങിയത്. മുളപൊട്ടി വേരിറങ്ങിയാൽ പ്രശ്നമില്ലെന്നാണ് കർഷകർ കരുതിയത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ പനയമ്പാല അടക്കമുള്ള തോടുകളിലെ ജലനിരപ്പ് ക്രമതീതമായി ഉയർന്നതാണ് കെണിയായത്. ചാലുകളിൽ നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വാക്കേക്കടവിലെ കൃഷിക്കാരുടെ അവസ്ഥയിൽ ഇടപെട്ട് കൃഷിഭവൻ ഉദ്യോഗസ്ഥർ വിതയ്ക്കാൻ വീണ്ടും വിത്തുനൽകിയിരുന്നു. അത് വിതച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ. അതിനിടെയാണ് മഴ വെല്ലുവിളിയായത്. പ്രതികൂലകാലാവസ്ഥ കാരണം ഇനിയുമൊരു തവണകൂടി കൃഷിയിറക്കാൻ തയ്യാറല്ലെന്ന് കർഷകർ. പാടങ്ങളിലെ കൃഷിനാശം കണക്കാക്കി കൃഷിവകുപ്പ് ഉടനടി സഹായം നൽകണമെന്നാണ് പാടശേഖര സമിതിയുടെ ആവശ്യം.