സൂറിച്ച് : സൂപ്പര്‍ താരങ്ങളെ പിന്തള്ളി റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി ഫുട്ബോള്‍ ലോകത്തിന്‍റെ നെറുകയില്‍. 2020-ലെ ഫിഫയുടെ മികച്ച താരമായി ബയേണ്‍ മ്യൂണിക്കിന്‍റെ പോളിഷ് സ്ട്രൈക്കര്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്തിമപ്പട്ടികയിലുണ്ടായിരുന്ന ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് ലെവന്‍ഡോവ്‌സ്‌കി പുരസ്‌കാരം സ്വന്തമാക്കിയത്.
ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ജര്‍മന്‍ ബുണ്ടസ് ലിഗയിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. ജര്‍മന്‍കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവയിലും വിജയികളാക്കി. ഇക്കാലയളില്‍ 60 ഗോളുകളാണ് താരം നേടിയത്.
കഴിഞ്ഞ വര്‍ഷം ബാഴ്സലോണയുടെ ലയണല്‍ മെസ്സിയാണ് കിരീടം നേടിയത്. രണ്ട് വര്‍ഷം യുവന്റസ് താരം റൊണാള്‍ഡോയും പുരസ്‌ക്കാരം നേടി. 13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ ഫിഫ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവന്‍ഡോവ്‌സ്‌കി. 2018-ല്‍ പുരസ്‌കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മറ്റൊരു താരം. മികച്ച വനിത താരമായി ഇംഗ്ലണ്ട് പ്രതിരോധനിര താരമായ ലൂസി ബ്രൗണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ താരമാണ് ലൂസി. നേരത്തെ ലിയോണിനായാണ് കളിച്ചത്. പുരസ്‌കാരം നേടുന്ന ആദ്യ വനിത പ്രതിരോധനിരതാരമാണ്. 2019-20 സീസണില്‍ ലിയോണിനൊപ്പം വനിത ചാമ്പ്യന്‍സ് ലീഗ് നേടി.