കൊല്ലം : ലഹരിക്കെതിരെ ശക്തമായ പോരാട്ടത്തിന് പൊതുജനങ്ങള്‍ മുന്‍നിരയില്‍ ഉണ്ടാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ലഹരിയുടെ ഉപയോഗത്തിനും അക്രമവാസനക്കുമെതിരായ ‘സ്‌നേഹത്തോണ്‍ റണ്‍ എവേ ഫ്രം ഡ്രഗ്‌സ്’ ക്യാമ്പയിനിന്റെ ഫ്‌ലാഗ് ഓഫും ഉദ്ഘാടനവും കൊല്ലം ശാരദ മഠത്തിനു മുന്നില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാഗ്രത സമിതികളും ഇതര സംവിധാനങ്ങളും ശക്തിപ്പെടുത്തും. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ആസാദ് ഏജന്റ്‌സ് ഓഫ് സോഷ്യല്‍ ആക്ട് എഗൈന്‍സ്റ്റ് ഡ്രഗ്‌സ് എന്ന പേരില്‍ പ്രത്യേക സേനയുണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. മാതാപിതാക്കളെ വരെ ആക്രമിക്കുന്നതിന് പിന്നിലെ പ്രധാന കാരണം ലഹരിയുടെ ഉപയോഗം ആണെന്നും ഇതിനെതിരെ കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കൊല്ലം ഐ.എച്ച്.ആര്‍.ഡിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ ഭാഗമായി ശാരദ മഠം മുതല്‍ എസ്.എന്‍ കോളേജ് വരെ കൂട്ടയോട്ടവും സംഘടിപ്പിച്ചു. ലഹരി മാഫിയ സമൂഹത്തില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ യുവജനങ്ങളും വിദ്യാര്‍ഥികളും ലഹരി വലയില്‍ അകപ്പെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ‘ലഹരിയല്ല ജീവിതമാണ് ഹരം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ‘സ്‌നേഹത്തോണ്‍’ സംഘടിപ്പിക്കുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂട്ടയോട്ടം, സ്‌നേഹ മതില്‍ തീര്‍ക്കല്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.