പത്തനംതിട്ട : മൈലപ്രായിലും പത്തനംതിട്ടയിലും വയലുകള്‍ നികത്തുന്നത് വ്യാജ ഉത്തരവുകളുടെ മറവില്‍. ഇതിനുവേണ്ടി റവന്യു വകുപ്പിലെ ചില ജീവനക്കാരുടെ നേത്രുത്വത്തില്‍ വന്‍ ലോബി തന്നെ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. മുമ്പ് നല്‍കിയ ഉത്തരവുകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി പ്രിന്റ് എടുത്താണ് പുതിയ ഉത്തരവുകള്‍ നിര്‍മ്മിക്കുന്നത്. ഇതിലെ ഒപ്പും സീലും ഒറിജിനല്‍ തന്നെയായതിനാല്‍ പെട്ടെന്ന് ആരും സംശയിക്കുകയില്ല. വ്യാജനോട്ടുകള്‍ നിര്‍മ്മിക്കുന്ന കാലത്ത് റവന്യു വകുപ്പിന്റെ ഒരു ഉത്തരവ് വ്യാജമായി നിര്‍മ്മിക്കുവാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് ചിലരുടെ ഭാഷ്യം.
ആര് ചോദിച്ചാലും അനുമതിയോടെയാണ് നിലം നികത്തുന്നതെന്നും ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും പറയുന്നത് കൂടാതെ വ്യാജമായി നിര്‍മ്മിച്ച ഉത്തരവ് കാണിക്കുകയും ചെയ്യും. പരാതിയുമായി ആരെങ്കിലും വന്നാല്‍ ഈ ഉത്തരവ് കാണുന്നതോടെ അവര്‍ നിശബ്ദരാകും. റവന്യു , പഞ്ചായത്ത്, നഗരസഭാ അധികൃതര്‍ അറിഞ്ഞുകൊണ്ടാണ് അനധികൃത വയല്‍ നികത്തല്‍ നടക്കുന്നത്. അടുത്തകാലത്തായി പത്തനംതിട്ടയിലും മൈലപ്രായിലും വന്‍ തോതിലാണ് പാടങ്ങള്‍ നികത്തിയത്.