ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. മലപ്പുറം വിളയിൽ മുണ്ടുപറമ്പ് സ്വദേശികളായ കണ്ടമംഗലത്ത് മുഹമ്മദാലി (25), ആരാൻകുഴി വീട്ടിൽ അൽഅമീൻ (ഇർഷാദ്-19) എന്നിവരെയാണ് ഗുരുവായൂർ സി.ഐ. പി.കെ. മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഗുരുവായൂർ സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി നൽകിയ പരാതിയിലാണ് നടപടി.
പെൺകുട്ടികളെ പരിചയപ്പെട്ട ഇവർ പ്രണയം നടിച്ച് സ്ഥിരമായി ചാറ്റിങ്ങും വീഡിയോ കോളും ചെയ്തിരുന്നു. പിന്നീട് പെൺകുട്ടികളുടെ നഗ്നവീഡിയോ ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ വീഡിയോകോളും ചാറ്റിങ്ങും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സമാനരീതിയിൽ പലയിടങ്ങളിലും പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയതിന് ഇവരുടെ പേരിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഫോൺ പരിശോധിച്ചതിൽ ഇത്തരത്തിൽ ഒട്ടേറെ സംഭവങ്ങൾ കണ്ടെത്തുകയും ചെയ്തു. എസ്.ഐ. കെ.ജി. ജയപ്രദീപ്, എ.എസ്.ഐ.മാരായ എം.ആർ. സജീവ്, ജലീൽ, സി.പി.ഒ. ഷിജിൻ എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായി.