തിരുവല്ല : കുറ്റൂർ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായികാട്ടി സംസ്ഥാന കോപ്പറേറ്റീവ് രജിസ്ട്രാർ ജനറലിനും, കോപ്പറേറ്റീവ് വിജിലൻസ് വിഭാഗത്തിനും കുറ്റൂർ സ്വദേശിയായ വിജയകുമാർ പരാതി നൽകി. സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി അംഗം വിശാഖ് കുമാർ മാനേജരായ കുറ്റൂർ സർവീസ് സഹകരണ ബാങ്കിലാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നത്. ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സിപിഎം കുറ്റൂർ ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗവുമായ കെ.ഒ സാബു ആണ് സാമ്പത്തിക തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചിരിക്കുന്നത്.
സിപിഎം പാർട്ടി അംഗങ്ങൾ അടക്കമുള്ളവരെ 2018 ൽ ബാങ്കിലേക്ക് വിളിച്ചുവരുത്തി ജാമ്യം നിൽക്കാൻ എന്ന വ്യാജേനെ പേപ്പറുകളിൽ ഒപ്പ് ഇടിക്കുന്ന പതിവ് സാബുവിനുണ്ടായിരുന്നു. ഇടപാടുകാർ അറിയാതെ അവരുടെ പേരുകളിൽ ലക്ഷക്കണക്കിന് രൂപയുടെ വായ്പയാണ് സാബുവും സംഘവും ബാങ്കിൽ നിന്ന് എടുത്തിരിക്കുന്നത്. നിലവിൽ ബാങ്കിൽനിന്ന് ജാമ്യം നിന്നവർക്ക് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പിന് വിവരങ്ങൾ പുറത്തുവന്നത്. ഏകദേശം 50 ലക്ഷം രൂപയുടെ മുകളിൽ ഉള്ള തട്ടിപ്പാണ് ബാങ്ക് ഭരണസമിതി കുറ്റൂർ കോപ്പറേറ്റീവ് ബാങ്കിൽ നടത്തിയിരിക്കുന്നത്.
തിരുവല്ലയിലെ സിപിഎം ഉന്നത നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ള കെ.ഒ സാബു നടത്തിയ തട്ടിപ്പുകൾക്ക് പിന്നിൽ ഉന്നത നേതൃത്വം ഉണ്ട് എന്നത് വ്യക്തമാണ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന് നേരിട്ട് സംഘടന ചുമതലയുള്ള ലോക്കൽ കമ്മറ്റിയാണ് കുറ്റൂരിലെ കമ്മറ്റി. നിലവിൽ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടും പരാതിക്കാരെ ഭീഷണിപ്പെടുത്തി പരാതി ഒത്തുതീർപ്പാക്കാനുള്ള നടപടിയാണ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.