മുംബൈ : നഷ്ടം നഷ്ടം നഷ്ടം അത് മാത്രമാണ് എപ്പോഴും ഓഹരി വിപണിയെക്കുറിച്ച് സംസാരിക്കുന്നവർ ആദ്യം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമാകാം എന്നതും ഓഹരിവിപണിയുടെ പ്രത്യേകതയാണ്. അതിനാൽ തന്നെയാണ് നിക്ഷേപകർ മികച്ച ഓഹരികൾ നോക്കി പണം നിക്ഷേപിക്കാൻ ശ്രമിക്കുന്നതും. അത്തരത്തിലൊന്നാണ് ആരതി ഇൻഡസ്ട്രീസ് എന്ന കമ്പനി ഓഹരി നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്.
20 വർഷം മുമ്പ് ഒന്നര രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരിമൂല്യം. ഇന്നത് 972.20 രൂപയായി ഉയർന്നു. 2001 നവംബർ 28 ന് ഈ കമ്പനിയുടെ ഓഹരികൾ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി ഇത്രകാലവും കയ്യിൽ വെച്ച നിക്ഷേപകൻ ഇന്ന് കോടീശ്വരൻ ആയിരിക്കും. ആ ഒരു ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം ആറര കോടി രൂപയായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസമായി വലിയ വിൽപ്പന സമ്മർദ്ദം നേരിടുന്ന ഒരു ഓഹരി കൂടിയാണ് ആരതി ഇൻഡസ്ട്രീസിന്റേത്. നേരത്തെ 1021 രൂപയായിരുന്നു ഓഹരി മൂല്യം. അതിപ്പോൾ 972.20 ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ 832 രൂപയിൽ നിന്നാണ് ഓഹരിമൂല്യം ഇന്നത്തെ നിലയിലേക്ക് വർധിച്ചത്. ഒരു വർഷം മുൻപ് 632 രൂപയായിരുന്നു ഈ കെമിക്കൽ കമ്പനിയുടെ ഓഹരിമൂല്യം. അഞ്ചുവർഷം മുൻപ് 181 രൂപയായിരുന്നു ഓഹരി വില.
ഒരു മാസം മുൻപ് ഈ കമ്പനിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ഇന്നത്തെ മൂല്യം 95,000 രൂപ ആയിരിക്കും. ആറുമാസം മുൻപ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്നത്തെ മൂല്യ പ്രകാരം 1.16 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരിക്കും. ഒരു വർഷം മുൻപാണ് ഇത്രയും തുക നിക്ഷേപിച്ചിരുന്നതെങ്കിൽ അത് 1.71 ലക്ഷം രൂപയായി ഉയർന്നു കാണും.
അഞ്ചു വർഷം മുൻപ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്നത്തെ റിട്ടേൺ അനുസരിച്ച് 5.35 ലക്ഷം രൂപയുടെ നിക്ഷേപം കാണും. 20 വർഷം മുൻപാണ് ഒരു ലക്ഷം രൂപയുടെ ആരതി ഇൻഡസ്ട്രീസ് ഓഹരികൾ വാങ്ങിയത് എങ്കിൽ ആ നിക്ഷേപകനെ ഇന്നത്തെ ആസ്തി ആറര കോടി രൂപയായി ഉയർന്നു കാണും.