കൊച്ചി : സാമ്പത്തിക തട്ടിപ്പിന്റെ പറുദീസയായി കേരളം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ കടപ്പത്രങ്ങള്‍ ഇറക്കി കോടികള്‍ സമ്പാദിക്കുവാന്‍ ആരംഭിച്ചു. പോപ്പുലര്‍ തട്ടിപ്പിനെ തുടര്‍ന്ന് പല സ്ഥാപനങ്ങളും കടപ്പത്രങ്ങള്‍ ഇറക്കുവാന്‍ മടിച്ചിരുന്നു. എന്നാല്‍ പോപ്പുലര്‍, തറയില്‍ തുടങ്ങിയ നിക്ഷേപ തട്ടിപ്പുകള്‍ ജനങ്ങളുടെ മനസ്സില്‍ നിന്നും മായാന്‍ തുടങ്ങിയതോടെ പലരും കടപ്പത്രങ്ങളിലൂടെ നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ തുടങ്ങി. കേരളത്തില്‍ വ്യാപകമായി ഇത്തരം നിക്ഷേപ സമാഹരണങ്ങള്‍ നടക്കുകയാണ്. സഹകരണ മേഖലയിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് നിക്ഷേപകര്‍ ഇത്തരം സ്ഥാപനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നത്. വരും നാളുകളില്‍ നിക്ഷേപതട്ടിപ്പുകള്‍ കേരളത്തില്‍ നിത്യസംഭവമായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
കോടികള്‍ പരസ്യത്തിനു ചെലവാക്കിയാണ് ഈ നിക്ഷേപ സമാഹരണം നടക്കുന്നത്. കടപ്പത്രത്തിലൂടെ ലഭിക്കുന്ന പണം നിശ്ചിത കാലാവധിക്കുശേഷം മടക്കിനല്കിയാല്‍ മതി. ഇതാണ് മിക്കവരും കടപ്പത്രത്തിലൂടെ നിക്ഷേപം സ്വീകരിക്കുന്നത്. നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് നിക്ഷേപകന്റെ കടമയാണ്. മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയാല്‍ പോപ്പുലര്‍ നിക്ഷേപകര്‍ക്ക് ഉണ്ടായ അനുഭവംതന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്. കൂടുതല്‍ പലിശ മോഹിച്ചാണ് പലരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പലിശനയംകൊണ്ട് നേട്ടമുണ്ടാക്കുന്നത് സ്വകാര്യ ധനകാര്യ മേഖലയാണ്. നിക്ഷേപിക്കുന്ന പണത്തിന് ഒരു ഗ്യാരന്റിയും ഇല്ലെന്നത് പാവം നിക്ഷേപകന്‍ മറക്കുകയാണ്.
സമീപകാലത്ത് നടന്ന നിക്ഷേപ തട്ടിപ്പുകളില്‍ ഒന്നുംതന്നെ ഇപ്പോഴും തീരുമാനം ആകാതെ കിടക്കുന്നു. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പാണ് ഏറ്റവും വലിയ ഉദാഹരണം. കേരളത്തിലെ വന്‍കിട സ്ഥാപനങ്ങളില്‍ പലതും തകര്‍ച്ചയിലാണ്. ഇത് മൂടിവെച്ചുകൊണ്ട് വീണ്ടും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയാണ് ഇവര്‍. ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിനുവേണ്ടി പോപ്പുലറായ സിനിമാ താരങ്ങളെ ഉപയോഗിച്ചാണ് പരസ്യചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. കൂടാതെ ഉന്നത വ്യക്തികളുമായുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങളും ഇവര്‍ പരസ്യത്തിന് ഉപയോഗിക്കുന്നു. പരസ്യത്തില്‍ പറയുന്നതിലും കൂടിയ നിരക്കാണ് നിക്ഷേപത്തിന് പലിശ നല്‍കുന്നത്. കൂടാതെ മോഹന വാഗ്ദാനങ്ങളും നല്‍കുന്നതോടെ നിക്ഷേപകര്‍ ഇവരുടെ കെണിയില്‍ അകപ്പെടുകയാണ്.