തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ ശ്രീതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീർന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയതിനു ശേഷം അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. മൂന്നുദിവസം ശ്രീതുവിനെ കസ്റ്റഡിയിൽ കിട്ടിയിട്ടും കേസുമായി ബന്ധപ്പെട്ട് തെളിവുകൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ശ്രീതുവിനെ തിരികെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ദേവേന്ദുവിൻ്റെ മരണത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ ധാരണ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അന്വേഷണസംഘം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ ഹരികുമാറിനെയും ശ്രീതുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. രണ്ടു ഡിവൈഎസ്പിമാരും മൂന്നു സിഐമാരും അടങ്ങുന്ന സംഘമാണ് ഇതുവരെയും ചോദ്യം ചെയ്തത്.
പക്ഷെ കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ടോ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടോ കൂടുതൽ തെളിവുകളോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. പ്രതി ഹരികുമാറിന് മാനസികരോഗം ഇല്ലെന്ന വിലയിരുത്തലിലേക്ക് സൈക്കാട്രി വിദഗ്ധന്മാർ എത്തിയത് മാത്രമാണ് അന്വേഷണസംഘത്തിന് ആകെയുള്ള ആശ്വാസം. വരുന്ന പന്ത്രണ്ടാം തീയതി വരെ ഹരികുമാറിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം.