തൃശ്ശൂർ : മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു മുൻപ് ജപ്തിക്ക് കോടതിയുടെ അനുമതി ലഭിച്ച ഭവനവായ്പകളിൽ ധനകാര്യസ്ഥാപനങ്ങൾ സർഫാസി നിയമപ്രകാരം നടപടികളുമായി മുന്നോട്ട്. മൊറൊട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനിൽക്കാതെയാണ് സ്ഥാപനങ്ങൾ നടപടി തുടങ്ങിയിരിക്കുന്നത്. ജപ്തിക്ക് കോടതി അനുമതി ലഭിച്ച വായ്പകളിൽ കുടിശ്ശികത്തുക മുഴുവനായി അടയ്ക്കാതെ വായ്പ പുനഃക്രമീകരണത്തിനടക്കം അവസരം നൽകാനാവില്ലെന്നാണ് ചില സ്ഥാപനങ്ങളുടെ നിലപാട്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ വരുമാനം നഷ്ടമായ കുടിശ്ശികക്കാരിൽ പലർക്കും ഈ നിലപാട് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മൊറൊട്ടോറിയത്തിൽ സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച വിഷയം കോടതിയുടെയും സർക്കാരിന്റെയും പരിഗണനയിലാണ്. തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ റിക്കവറി നടപടികൾ തുടങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ബാങ്കുകളുടെ അപേക്ഷകളിൽ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ് െഹെക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി വരുന്നതുവരെ ജപ്തിക്ക് അനുമതി ലഭിച്ച വായ്പകളിലും റിക്കവറി നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ഭവനവായ്പയെടുത്ത് ജപ്തിനോട്ടീസ് ലഭിച്ച ഇടപാടുകാർ കേന്ദ്രധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി കോടതിയും സർക്കാരും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുമെന്നതാണ് അവസ്ഥയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.