കോന്നി: കഴിഞ്ഞ ഓണത്തിന് കോന്നി നഗരത്തിൽ കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയാട്ടം ഫെസ്റ്റിവലിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന മാധ്യമ വാർത്തകൾ ഗൗരവതരമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ ട്രഷറർ ഷാജി കോന്നി പറഞ്ഞു. പാർട്ടിക്ക് അതീധനായി എംഎൽഎ പ്രവർത്തിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്ന വിലയിരുത്തലുകളാണ് സിപിഎം ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിട്ടുള്ളത്. കരിയാട്ടവുമായി ബന്ധപ്പെട്ട കണക്കുകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ എംഎൽഎക്ക് കഴിഞ്ഞില്ലെന്ന പാർട്ടി വിലയിരുത്തൽ മുൻ ആരോപണങ്ങൾ ശരിവെക്കുന്നതാണ്. കരിയാട്ടം ഫെസ്റ്റിവൽ നടത്തിപ്പ് സംബന്ധിച്ച കൃത്യമായ വരവുചിലവ് കണക്കുകൾ ഒരിടത്തും അവതരിപ്പിക്കാനോ പുറത്തു പറയാനോ എംഎൽഎ തയ്യാറായിട്ടില്ല.
കരിയാട്ടത്തിന്റെ പേരിൽ വിവിധ സ്ഥാപനങ്ങളിലും ക്രഷറുകളിലും വ്യാപകമായ പിരിവുകളാണ് നടത്തിയത്. ഈ സാഹചര്യത്തിൽ ഇത്തവണ കരിയാട്ടം നടത്തേണ്ടതില്ലെന്ന സിപിഎം നിലപാടിലൂടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമാണ്. മണ്ഡലത്തിലെ പല വിഷയങ്ങളിലും വളരെ ധാർഷ്ട്യത്തോടെയാണ് എംഎൽഎ പെരുമാറുന്നത്. വികസന പ്രവർത്തനങ്ങളിൽ സ്വജനപക്ഷപാതം കാട്ടുന്നുവെന്ന ആരോപണവും ശക്തമാണ്. വയനാട്ടിലെ ദുരന്ത മേഖലയിൽ രക്ഷകരായ സന്നദ്ധ പ്രവർത്തകരെ കഴിഞ്ഞദിവസം എംഎൽഎ പരസ്യമായി അപമാനിക്കുകയും ചെയ്തു. സിപിഎം അണികൾക്കിടയിൽ നിന്നുപോലും ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
സർക്കാർ പരിപാടിയായി സംഘടിപ്പിച്ച കരിയാട്ടം ഫെസ്റ്റിവൽ പാർട്ടി പരിപാടിയാക്കി മാറ്റിയെന്ന് എൽഡിഎഫിലെ ഘടകകക്ഷികൾ ഉൾപ്പെടെ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിവെക്കുന്ന വിമർശനങ്ങളാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നിട്ടുള്ളത്. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കെ ജനീഷ് കുമാർ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.