റാന്നി : റാന്നി ഡിവിഷനിലെ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കടുമീൻചിറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട ഫോറസ്റ്റ് വാച്ചർ ബിജു.എ.എസ്സിന്റെ കുടുംബത്തിന് താത്കാലിക ധനസഹായമായി 15 ലക്ഷം രൂപ കൈമാറി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തെ ഒഴിവാക്കി വടശ്ശേരിക്കര ഫോറസ്റ്റ് ഇ.ബിയിലേയ്ക്ക് കുടുംബാഗങ്ങളെ വിളിച്ച് വരുത്തിയാണ് വനം മന്ത്രി അഡ്വ. കെ രാജു ധനസഹായം കൈമാറിയത്. നഷ്ടപരിഹാരമായ 10 ലക്ഷം രൂപയുടേയും വനവികാസ ഏജൻസിയുടെ 5 ലക്ഷം രൂപയുമാണ് കൈമാറിയത്. ബിജുവിന്റെ ഭാര്യാപിതാവ്, അമ്മ രാധാമണി, ഭാര്യ അനില, മക്കളായ ബിജില, അലംക്യത എന്നിവരാണ് ധനസഹായം സ്വീകരിക്കാൻ ഐ.ബി.യിൽ എത്തിയത്. 15 ലക്ഷത്തിന് പുറമേ മറ്റൊരു 18 ലക്ഷം രൂപ കൂടി കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് വനം മന്ത്രി അറിയിച്ചു. ജനവാസമേഖലയിലേയ്ക്ക് ഇറങ്ങിയ കാട്ടാനയെ തിരിച്ച് കാട്ടിലേക്ക് മടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആനയുടെ കുത്തേറ്റ് ബിജു മരണപ്പെട്ടത്.