ജമ്മു : തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന ശൃംഖലയെ തകർക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ നേതൃത്വത്തിൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുന്നതായാണ് റിപ്പോർട്ട്. കുൽഗാം, പുൽവാമ, അനന്ത്നാഗ്, ഷോപിയാൻ എന്നിവിടങ്ങളിലെ വീടുകളിൽ പരിശോധന നടത്തി.
ഹുറിയത്ത് നേതാവ് ഖാസി യാസിറിന്റെയും ജമ്മു കശ്മീർ സാൽവേഷൻ മൂവ്‌മെന്റ് ചെയർമാൻ സഫർ ഭട്ടിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യയിൽ തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI)ക്ക് ധനസഹായം നൽകുന്ന മൾട്ടി-സ്റ്റേറ്റ് ഹവാല ശൃംഖലയെ കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ തകർത്തിരുന്നു.
കർണാടകയിലും കേരളത്തിലുമായി നിരോധിത സംഘടനയിൽ പ്രവർത്തിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ധനസഹായം നൽകുന്ന ശൃംഖല തകർത്തതായി എൻഐഎ അറിയിച്ചത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗങ്ങളായ കർണാടകയിൽ നിന്നുള്ള മഹമ്മദ് സിനാൻ, സർഫ്രാസ് നവാസ്, ഇഖ്ബാൽ, അബ്ദുൾ റഫീഖ് എം, കേരളത്തിൽ നിന്നുള്ള ആബിദ് കെഎം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27 ന് നിരോധനം ഏർപ്പെടുത്തിയെങ്കിലും, പിഎഫ്‌ഐ നേതാക്കളും അംഗങ്ങളും തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് തുടർന്നുവെന്നും കുറ്റകൃത്യങ്ങൾ ചെയ്യാൻ ആയുധങ്ങളും വെടിക്കോപ്പുകളും ക്രമീകരിക്കുന്നുണ്ടെന്നും ഏജൻസി പറഞ്ഞു.
ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) തീവ്രവാദിയുടെ സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടിയിരുന്നു. വടക്കൻ കശ്‌മീർ ജില്ലയിലെ ക്രാൽപോറയിലെ ബാബർപോര പ്രദേശത്തെ താമസക്കാരനായ ബഷീർ അഹമ്മദ് പിറിന്റെ സ്വത്തുക്കൾ പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരായ നടപടിയുടെ ഭാഗമായി ഏജൻസി കണ്ടുകെട്ടിയതായാണ് അധികൃതർ അറിയിച്ചത്.