ദുബായ് : വിമാനത്താവളത്തിലെ കോവിഡ് ടെസ്റ്റും കഴിഞ്ഞ് ബോര്‍ഡിങ് പാസുമായി വിമാനത്തില്‍ കയറാന്‍ തയ്യാറായി ലോഞ്ചിങ് ഏരിയയില്‍ നില്‍ക്കുമ്പോഴാണ് മലപ്പുറം തിരുനാവായ വെട്ടന് ഹൗസില്‍ നൗഫല്‍ മോനെ തേടി എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഓടിയെത്തുന്നത്. യാത്ര ചെയ്യാനാവില്ലെന്നും പിഴ അടക്കാനുണ്ടെന്നുമായിരുന്നു അവരുടെ മറുപടി. തനിക്ക് പിഴയൊന്നുമില്ലെന്ന് അവരോട് പറഞ്ഞെങ്കിലും എമിഗ്രേഷനില്‍ കാണിക്കുന്നുണ്ടെന്നായിരുന്നു മറുപടി.
തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ വിമാനത്താവളത്തില്‍നിന്ന് മനസ്സില്ലാ മനസ്സോടെ മടങ്ങിയ നൗഫല്‍ തിരികെ റൂമിലെത്തുമ്പോഴാണ് വിമാനാപകടത്തിന്റെ വിവരം അറിയുന്നത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ നൗഫലിന് വീണ്ടും ജോലി കൊടുക്കാന്‍ അര്‍ബാബ് തീരുമാനിച്ചുവെന്ന സന്തോഷ വാര്‍ത്തയും നൗഫലിനെ തേടിയെത്തി. താന്‍ രക്ഷപ്പെട്ടതിലും ജോലി തിരികെ കിട്ടിയതിലും ആശ്വാസം തോന്നുന്നുണ്ടെങ്കിലും സന്തോഷിക്കേണ്ട സന്ദര്‍ഭമല്ല ഇതെന്ന് നൗഫല്‍ പറയുന്നു. ഷാര്‍ജ സ്കൂളിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് സ്കൂളുകള്‍ അടച്ചതോടെയാണ് ജോലിയില്ലാതെയായത്. ജോലി തിരികെ കിട്ടിയ സ്ഥിതിക്ക് ഇവിടെ തുടരാനാണ് നൗഫലിന്റെ തീരുമാനം.
വിമാനയാത്രക്കാരുടെ ലിസ്റ്റില്‍ തന്റെ പേര് കണ്ടതിനെ തുടര്‍ന്ന് നാട്ടിലെ പഞ്ചായത്ത് ഓഫീസില്‍ നിന്നടക്കം തന്നെ വിളിച്ചതായി അദ്ദേഹം പറഞ്ഞു. നാട്ടുകാരായ ചിലരും വിമാനത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് എന്തുസംഭവിച്ചുവെന്നറിയാതെ ആശങ്കയിലാണ് നൗഫല്‍.