ന്യൂഡല്‍ഹി : യൂട്യൂബ്, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹ മാധ്യങ്ങളിലെ വ്ലോഗർമാർക്കായി പുതിയ ഉടൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പെയ്ഡ് പ്രമോഷനുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. വ്ലോഗർമാരും മറ്റു ഇൻഫ്ലുവൻസർമാരും ബ്രാൻഡുകളുമായി സഹകരിച്ച് പണം വാങ്ങി ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പ്രമോഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് സർക്കാരിന്റെ നിർദേശം.
യുട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വലിയ ഫോളോവേഴ്‌സുള്ള വ്ലോഗർമാർ വിവിധ ബ്രാൻഡുകളിൽ നിന്ന് പണം സ്വീകരിച്ച് അവരുടെ ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് കണ്ടെത്തി. സർക്കാരിന്റെ നിർദിഷ്ട മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വ്ലോഗർമാർ പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാൻഡിനെ പ്രത്യേകം പരിഗണിക്കുകയാണെങ്കിൽ അവർ ആ ബ്രാൻഡുമായുള്ള ബന്ധം പ്രഖ്യാപിക്കേണ്ടിവരുമെന്ന് സർക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. അടുത്ത 15 ദിവസത്തിനകം പുതിയ മാർഗനിർദേശങ്ങൾ വന്നേക്കും.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ തടയുന്നതിനുള്ള ചട്ടക്കൂട് തയാറാക്കുന്ന നടപടികളും ഇതിനകം പൂർത്തിയാക്കി. ഇതും ഉടൻ തന്നെ പുറത്തിറങ്ങുന്നതാണ്. വ്ലോഗർമാർ മാർഗനിർദേശങ്ങൾ തെറ്റിച്ചാൽ വലിയ പിഴ നൽകേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവർത്തിച്ചാൽ 20 ലക്ഷവും പതിവായി തെറ്റ് ചെയ്താൽ 50 ലക്ഷം വരെയുമാകും പിഴ.
വ്യാജ അവലോകനങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പിന്തുടരുന്ന നിലവിലെ സംവിധാനവും ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും മികച്ച രീതികളും പഠിച്ച ശേഷം ഈ ചട്ടക്കൂടുകൾ തയാറാക്കാനാണ് സർക്കാർ തീരുമാനം.